Connect with us

Video Stories

അനുഗ്രഹങ്ങളെ മാന്യമായി സമീപിക്കണം

Published

on

ടി.എച്ച് ദാരിമി

വിശുദ്ധ ഖുര്‍ആനിലെ അല്‍ മുല്‍ക് അധ്യായം അവസാനിക്കുന്നത് സൃഷ്ടാവിന്റെ ഘനഗംഭീരമായ ഒരു ചോദ്യം കൊണ്ടാണ്. അവന്‍ ചോദിക്കുന്നു: ചോദിക്കുക, നിങ്ങളുടെ വെള്ളം വറ്റിവരണ്ടുപോയാല്‍ പ്രവാഹ ജലം ആരാണ് കൊണ്ടുവന്നുതരിക എന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടോ?’ (അല്‍മുല്‍ക്: 30) സാധാരണ ജനങ്ങള്‍ എപ്പോഴും പരായണം ചെയ്യുകയും അതുകൊണ്ടുതന്നെ അവരുടെ നാവിലും മനസ്സിലും തങ്ങിനില്‍ക്കുകയും ചെയ്യുന്ന ഈ സൂക്തം മുഴക്കുന്ന ചോദ്യം ഇപ്പോള്‍ മനുഷ്യകുലത്തെ പിടിച്ചുകുലുക്കിത്തുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാന്‍. അത്രക്ക് കാലിക പ്രാധാന്യം കൈവന്നിരിക്കുന്നു ഈ ചോദ്യത്തിന്. അതിവേഗം നമ്മുടെ നാടും ജന-ജീവജാലങ്ങളും കൊടും വരള്‍ച്ചയിലേക്ക് മുതലക്കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. ഏറെക്കുറെ മോശമല്ലാത്ത മണ്‍സൂണ്‍ കൊണ്ടനുഗ്രഹീതമായ കാലാവസ്ഥയും വെള്ളത്തെ കുറേ ഏറെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന ഭൂ പ്രകൃതിയുമുണ്ടായിരുന്ന കേരളം എല്ലാ കണക്കുകൂട്ടലുകളെയും അപ്രസക്തമാക്കിക്കൊണ്ട് വരണ്ടുണങ്ങുകയാണ്. ഈ വേനല്‍ കടക്കാനുള്ള വിദ്യകളെ കുറിച്ച് എല്ലാവരും ഗഹനമായി ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. സംഘടനകള്‍ ബോധവത്കരണ പരിപാടികള്‍ ഒരു യജ്ഞമായെടുത്തുകഴിഞ്ഞു. കുഴല്‍ കിണര്‍ കുഴിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നു. ക്ലൗഡ് സീഡിങ് നടത്തി കൃത്രിമ മഴ പെയ്യിക്കുന്നതിനെക്കുറിച്ച് വരെ സര്‍ക്കാര്‍ ആലോചിച്ച് തുടങ്ങിയിരിക്കുന്നു.
വെള്ളം എന്നത് ഏറ്റവും സൂക്ഷ്മമായ നിര്‍വചനത്തില്‍ ജീവന്റെ ദ്രാവകമാണ്. വെള്ളമില്ലാതെ ജീവനുണ്ടാവില്ല. ജീവനുള്ള എന്തിന്റെയും ഏറ്റവും പ്രധാന ഘടകവും വെള്ളമാണ്. മനുഷ്യനെ നോക്കൂ, അവന്റെ ശരീരം 66 ശതമാനവും വെള്ളമാണ്. ശരീരത്തിനുള്ളിലെ ചില അവയവങ്ങളും ഭാഗങ്ങളും ഇതിനേക്കാള്‍ കൂടിയ അനുപാതത്തില്‍ വെള്ളത്തിന്റെ സാന്നിധ്യമുള്ളവയാണ്. വെള്ളമില്ലാതെ ജീവന്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. നാം അധിവസിക്കുന്ന ഭൂമി തന്നെ വാസയോഗ്യമായത് വെള്ളത്തിന്റെ സാന്നിധ്യം കൊണ്ടാണ് എന്നാണ് ശാസ്ത്ര മതം. ഭൂമി രൂപപ്പെടുന്ന സമയത്ത് ഖുര്‍ആന്‍ കൂടി സാക്ഷ്യപ്പെടുത്തുന്നതു പോലെ (41:11) ഭൂമി പുകയും വിവിധ വിഷ വാതകങ്ങള്‍കൊണ്ടും നിറഞ്ഞു കിടക്കുകയായിരുന്നു. ഇവയെല്ലാം ജീവന്‍ അസാധ്യമാകുന്ന തരത്തില്‍ ഭൗമോപരിതലത്തില്‍ കെട്ടിക്കിടക്കുകയായിരുന്നു. അപ്പോള്‍ ഭൂമിയുടെ അകത്തുനിന്നും വെള്ളം വന്നു. ആ വെള്ളം ഭൂമിയെ തണുപ്പിക്കുകയും വാസയോഗ്യമാക്കുകയും ചെയ്തു. അല്ലാഹു ഖുര്‍ആനില്‍ ഇത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ‘തദനന്തരം ഭൂമിയെ പ്രവിശാലമാക്കുകയും അതില്‍ നിന്ന് ജലവും സസ്യലതാദികളും ബഹിര്‍ഗമിപ്പിക്കുകയും ചെയ്തു’ (അന്നാസിആത്ത്: 30,31) ഇങ്ങനെ നമ്മുടെ ശരീരം മുതല്‍ ജീവജാലങ്ങളടക്കം നാം അധിവസിക്കുന്ന ഭൂമി വരെ നിലനില്‍ക്കുന്നത് വെള്ളം എന്ന ജീവദ്രാവകത്തിന്റെ സഹായം കൊണ്ടാണ്. അതുകൊണ്ടാണ് വെള്ളമില്ലെങ്കില്‍ പ്രപഞ്ചത്തിന് നിലനില്‍പ്പില്ല എന്നു പറയുന്നത്. ഇത്രക്കും പ്രധാനമായ വെള്ളത്തിന്റെ കാര്യത്തില്‍ അതിന്റെ ലഭ്യതയില്‍ ഒരാശങ്ക വന്നാല്‍ അത് മനുഷ്യകുലത്തെ ആകുലപ്പെടുത്തുക തന്നെ ചെയ്യും. ആ ആകുലതയാണ് ഇപ്പോള്‍ അപകടകരമാം വിധം വളര്‍ന്നുവരുന്നത്.
വെള്ളത്തിന്റെ അളവ് ഭൂമിയില്‍ നിര്‍ല്ലോഭമല്ല, നിശ്ചിത അളവിലുള്ളതാണ്. അതു കുറയുന്നതിനെ ഗൗനിക്കുന്നില്ലെങ്കില്‍ അപകടമായി താഴ്ന്നുപോകും. ഇതും ഖുര്‍ആനില്‍ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘നാം അന്തരീക്ഷത്തില്‍ നിന്ന് ഒരു നിശ്ചിത അളവില്‍ മഴ വര്‍ഷിക്കുകയും ഭൂമിയില്‍ അത് കെട്ടിനിറുത്തുകയും ഉണ്ടായി. അതിനെ ഉന്‍മൂലനം ചെയ്യുവാന്‍ നമുക്ക് സാധിക്കുക തന്നെ ചെയ്യും’ (അല്‍ മുഅ്മിനൂന്‍: 18). ഇതേ ആശയം സുഖ്‌റുഫ് അധ്യായത്തിലും പറയുന്നുണ്ട്. വെള്ളം തരുന്നു എന്നത് അല്ലാഹുവിന്റെ ഒരു അനുഗ്രഹമാണ്. ഏത് അനുഗ്രഹമാണെങ്കിലും അതിനെ നല്ല നിലയിലും മാന്യമായും സമീപിച്ചില്ലെങ്കില്‍ അതിന് തേയ്മാനം വന്നുകെണ്ടേയിരിക്കും. ഏത് അനുഗ്രഹത്തിന്റെയും അവസ്ഥയിതാണ്. ആരോഗ്യം എന്നത് ഒരു അനുഗ്രഹമാണ്. അതിനെ നല്ല നിലയില്‍ സമീപിച്ചില്ലെങ്കില്‍ ആ അനുഗ്രഹത്തെ സ്രഷ്ടാവ് പിന്‍വലിക്കുകയും പകരം അനാരോഗ്യം നല്‍കുകയും ചെയ്യുന്നതു പോലെ തന്നെ. അതുതന്നെയാണ് ഇപ്പോള്‍ ഭൂമിയില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നത്. ഭൂമിയിലേക്ക് വെള്ളം ഒഴുക്കുന്നതും ഭൂമിയില്‍ വെള്ളത്തെ സംഭരിച്ചുനിര്‍ത്തുന്നതമായ അനുഗ്രഹങ്ങളിലാണ് ശക്തമായ പിടിമുറുക്കം വന്നിരിക്കുന്നത്. ഇവ രണ്ടിലും ഓരോ ആണ്ടും ആപല്‍കരമായ കുറവാണ് അനുഭവിച്ച്‌വരുന്നത്. മുന്നും പിന്നും ആലോചിക്കാതെയും ഒരു അനുഗ്രഹമാണ് എന്ന് ചിന്തിക്കാതെയും മനുഷ്യര്‍ വെള്ളം കൊണ്ട് താന്തോന്നിത്തം കാണിച്ചപ്പോള്‍ അല്ലാഹു അത് പിടിച്ചുവെച്ചുകൊണ്ടിരിക്കുകയാണ് എന്ന് മനസ്സിലാക്കാന്‍ പ്രയാസമൊന്നുമില്ല.
കഴിഞ്ഞ വര്‍ഷം കാലവര്‍ഷവും തുലാവര്‍ഷവും കുറഞ്ഞു. മുപ്പിത്തിഒന്നായിരം മില്ലീമീറ്റര്‍ മഴ കിട്ടിയിരുന്ന സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം അത് പതിനെട്ടായിരമായി കുറഞ്ഞു. 42 ശതമാനത്തിന്റെ കുറവ്. തുലാവര്‍ഷത്തിലാണെങ്കില്‍ കുറവ് 72 ശതമാനമായിരുന്നു. ഭൂമിയിലേക്കുള്ള വെള്ളത്തിന്റെ വരവിലാണ് ഈ കനത്ത കുറവ് സംഭവിച്ചിരിക്കുന്നത്. വന്ന വെള്ളത്തെ ഭൂമിയില്‍ മനുഷ്യരുടെ ഉപയോഗത്തിനായി സംഭരിച്ചുനിര്‍ത്തുന്നതിലാവട്ടെ അതിലും വലിയ ഭീതിപ്പെടുത്തുന്ന കുറവാണ് അനുഭവപ്പെട്ടത്. കേരളത്തിലെ അതിപ്രധാന 20 നദികളില്‍ 40 ശതമാനത്തോളം വെള്ളം കുറഞ്ഞുകഴിഞ്ഞതായി വിവിധ സര്‍ക്കാര്‍ ജല ഏജന്‍സികളുടെ ശാസ്ത്രീയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. മറ്റൊരു സംഭരണിയാണ് അണക്കെട്ടുകള്‍. ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും കേരളം ഏറെ ആശ്രയിക്കുന്ന അണക്കെട്ടുകളില്‍ ഈ മാര്‍ച്ചില്‍ തന്നെ 40 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്. വേനല്‍ മഴ കാര്യമായി ഈ സംഭരണികളെ സഹായിക്കില്ല. കാലവര്‍ഷത്തിനായി ഇനിയും രണ്ട് മാസം കാത്തിരിക്കേണ്ടതുമുണ്ട്. വെള്ളവും വൈദ്യുതിയും ഒന്നിച്ച് മുട്ടിയേക്കാവുന്ന സാഹചര്യമാണ് വാ പിളര്‍ന്നു നില്‍ക്കുന്നത് എന്നു ചുരുക്കം. ഇടുക്കി ഡാമില്‍ ഇപ്പോള്‍ തന്നെ 21 അടിയോളം വെള്ളം കുറവാണ്. പിന്നെ പ്രതീക്ഷ ഭൂഗര്‍ഭ ജലത്തിലാണ്. അതിന്റെ കാര്യവും കണക്കുകളും അതിലേറെ ഞെട്ടിക്കുന്നതാണ്. നാലു മീറ്ററോളം താഴ്ന്നിരിക്കുന്നു ഭൂഗര്‍ഭ ജലനിരപ്പ് എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്.
കരിങ്കല്ലിന്റെയും ചെങ്കല്ലിന്റെയും അമിതമായ ഘനനം, മണല്‍ വാരല്‍, പരിസ്ഥിതിയെ തീരെ പരിഗണിക്കാതെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ഉപയോഗിക്കുന്നതിലുള്ള ശ്രദ്ധക്കുറവ്, അമിതമായ ഉപയോഗം, വെള്ളത്തെ പരിരക്ഷിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അവഗണിക്കുന്നത് തുടങ്ങി കാരണങ്ങള്‍ എമ്പാടും നിരത്തുവാനുണ്ട്. അക്കാര്യങ്ങളിലൊന്നും ഉത്തരവാദപ്പെട്ടവര്‍ പോലും ശ്രദ്ധിക്കുന്നില്ല. ഇപ്പോള്‍ ഗവണ്‍മെന്റ് ഏജന്‍സികളും സംഘടനകളുമെല്ലാം രംഗത്തിറങ്ങിയിരിക്കുന്നു എന്നത് ശരിതന്നെ. പക്ഷെ ഈ ഇറക്കവും ഏറെ വൈകിയിട്ടാണല്ലോ ഉണ്ടാകുന്നത്. വെള്ളം ഒട്ടും ഇല്ലാത്ത കാലത്ത് മഴക്കുഴിയുണ്ടാക്കാനും മഴ തീരെയില്ലാത്ത സമയത്ത് പുരപ്പുറത്തെ വെള്ളം കിണറുകളില്‍ നിറക്കാനും പറയുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല. മഴയും വെള്ളവും എല്ലാം ഉണ്ടാകുന്ന കാലങ്ങളിലാണെങ്കില്‍ എല്ലാവരും മൂടിപ്പുതച്ച് ഉറങ്ങുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തില്‍ ഓരോ മനുഷ്യന്റെയും മനസ്സില്‍ ഇതിനെ ഒരു പാഠവും അവബോധവുമാക്കി മാറ്റിയെടുക്കുകയാണ് വേണ്ടത്. അതിന് ഏറെ സഹായകമായ ഒരു വഴിയാണ് ആത്മീയമായി വെള്ളത്തെ സമീപിക്കുക എന്നത്. വെള്ളം ഒരു അനുഗ്രഹമാണെന്നും അനുഗ്രഹങ്ങളെ ആദരവോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് നിലച്ചുപോകുമെന്നും അതു നിലച്ചുപോയാല്‍ ഒരാള്‍ക്കും അതു തരാന്‍ കഴിയില്ലെന്നും ജനങ്ങളെ ഉദ്‌ബോധിപ്പിക്കണം. ഇതിന് ഏറ്റവും നല്ല വഴി മതപരമായി വിഷയത്തെ സമീപിക്കുക തന്നെയാണ്. ഏറിയ പങ്കും മതവിശ്വാസികള്‍ ജീവിക്കുന്ന ഒരു നാട്ടില്‍ പ്രത്യേകിച്ചും. അല്ലാഹു മഴയെ തടഞ്ഞുവെച്ചാല്‍ ആര്‍ക്കും അത് തരാനാവില്ല എന്നത് ഗൗരവമായ വസ്തുതയാണ്. കൃത്രിമ മഴക്ക് കാത്തിരിക്കുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല. ഇന്ത്യയില്‍ ആദ്യമായി കൃത്രിമ മഴ പെയ്യിച്ചത് ഓര്‍മ്മയുണ്ട്. അന്ന് സീഡിങ് നടത്തുകയും തുടര്‍ന്ന് മഴ പെയ്യുകയും ചെയ്തു മദ്രാസില്‍. പക്ഷെ അതു കൃത്രിമ സംവിധാനത്തിനെ തുടര്‍ന്ന് ഉണ്ടായ മഴ തന്നെയായിരുന്നുവോ എന്ന് തീര്‍ത്തുപറയാന്‍ കഴിയാത്ത അവസ്ഥയാണുണ്ടായത്. പെയ്യേണ്ടതും പെയ്തതുമായ മഴയുടെ അളവുകളില്‍ തമ്മില്‍ അത്രക്ക് അന്തരമുണ്ടായിരുന്നു.
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ അനുഗ്രഹങ്ങളായി കാണാനും ഗ്രഹിക്കാനും കഴിയുകയും ആ ബോധത്തോടെ മാത്രം അവയെ സമീപിക്കുകയും ചെയ്യുക എന്നതാണ് ജലത്തിന്റെ കാര്യത്തിലുമുള്ള പരിഹാരം. മഴയില്ലാതെ വരുമ്പോള്‍ അതു ലഭിക്കാനുള്ള മാര്‍ഗവും തുടങ്ങുന്നത് ഇവിടെ നിന്നാണ് എന്നാണ് ഇസ്‌ലാം പറയുന്നത്. വരള്‍ച്ച ബാധിച്ചാല്‍ ജനങ്ങളോട് തൗബ ചെയ്ത് വിശുദ്ധരാകാനും താന്താങ്ങളെ സ്ഫുടം ചെയ്‌തെടുക്കുന്നതിനു വേണ്ടി മൂന്നു ദിവസം വ്രതമനുഷ്ഠിക്കാനും ഇമാം ആവശ്യപ്പെടണം. പാപമോചനത്തിനായുള്ള പ്രാര്‍ഥനകള്‍ ആ സമൂഹത്തില്‍ പ്രകമ്പനം കൊള്ളണം. എന്നിട്ടുവേണം പ്രത്യേക പ്രാര്‍ഥനയിലേക്കും മറ്റും കടക്കാന്‍. ഇതില്‍ നിന്നു തന്നെ ഗ്രഹിക്കാം, വെള്ളം നിലച്ചാല്‍ അത് അല്ലാഹുവില്‍ നിന്നല്ലാതെ കിട്ടും എന്നു പ്രതീക്ഷിച്ചിട്ടു കാര്യമില്ല, കാരണം ഈ ദുരന്തം വന്നിരിക്കുന്നത് അവനോട് നിന്ദ കാണിച്ചതുകൊണ്ട് മാത്രമാണ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending