കര്‍ണാടക: കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ മാത്രം നടക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ കര്‍ണാടകയില്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ സുപ്രധാന സ്ഥാപനങ്ങളില്‍ നുഴഞ്ഞുകയറി ഇന്ത്യയുടെ ശബ്ദം അടിച്ചമര്‍ത്തുകയാണ് ബി.ജെ.പിയും ആര്‍.എസ്.എസും ചെയ്യുന്നതെന്നും രാഹുല്‍ ആരോപിച്ചു.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.ജെ.പിയുടെ യുക്തിരഹിതമായ നിര്‍ബന്ധബുദ്ധി ഭരണഘടനക്ക് നേരെയുള്ള കൊഞ്ഞനം കുത്തലാണ്. ബി.ജെ.പി അവരുടെ പൊള്ളയായ വിജയമാഘോഷിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ പരാജയമോര്‍ത്ത് രാജ്യം വിലപിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

ഛത്തീസ്ഗഡില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുമ്പോഴും രാഹുല്‍ ബി.ജെ.പിയെ കടന്നാക്രമിച്ചു. ഒരുഭാഗത്ത് എം.എല്‍.എമാരും മറുഭാഗത്ത് ഗവര്‍ണറും എന്നതാണ് കര്‍ണാടകയിലെ ഇപ്പോഴത്തെ സ്ഥിതി. രാജ്യത്ത് ഭരണഘടന കടുത്ത അപകടസ്ഥിതി നേരിടുകയാണ്. എല്ലാവിധ സ്ഥാപനങ്ങളിലും ആര്‍.എസ്.എസ് അവരുടെ ആളുകളെ നിറക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ ഇത് ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു.