സഹീറ തങ്ങളുടെ നോവലിന് മക്കളുടെ ടീസര്‍

അഷ്‌റഫ് തൈവളപ്പ്
കൊച്ചി വായന രംഗം സജീവമാക്കി നിലനിര്‍ത്താന്‍ പുതിയ ആശയങ്ങളുമായി രംഗത്തെത്തുകയാണ് പ്രസാധകരും എഴുത്തുകാരും. ഏറ്റവുമൊടുവില്‍ ഒരു നോവല്‍ പ്രകാശനത്തിന് വീഡിയോ ടീസര്‍ വരെ ഇറങ്ങിയിരിക്കുകയാണ് മലയാളത്തില്‍. സഹീറ തങ്ങളുടെ പുതിയ നോവലായ ‘വിശുദ്ധ സഖിമാര്‍’ പ്രകാശനത്തിന് മുന്നോടിയായാണ് വ്യത്യസ്തമായ വീഡിയോ ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്.

സഹീറ തങ്ങളുടെ മക്കള്‍ തന്നെയാണ് നോവലിന് ഒരു മിനുറ്റ് 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ടീസറും ഒരുക്കിയത്. കൊച്ചി ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ കെന്‍സ അബ്ദുല്‍ ലത്തീഫാണ് സിനിമാട്ടോഗ്രഫി നിര്‍വഹിച്ചത്.
മൂത്ത മകളും ആര്‍ക്കിടെക്ട് ബിരുദധാരിയായ ജല്‍വ അബ്ദുല്‍ ലത്തീഫും സമീര്‍ സക്കറിയയുമാണ് എഡിറ്റിങ്ങും സാക്ഷാത്കാരവും ചെയ്തത്.
മറ്റു ഭാഷകളില്‍ വീഡിയോ ടീസറുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇതാദ്യമായിരിക്കാമെന്ന് സഹീറ തങ്ങള്‍ പറയുന്നു. ഇംഗ്ലീഷ് പുസ്തകങ്ങളുടെ വീഡിയോ ടീസറുകളാണ് ഇതിന് പ്രചോദനമായതെന്നും സഹീറ പറഞ്ഞു. യൂട്യൂബിലൂടെയാണ് സിനിമ ടീസറിനെ വെല്ലുന്ന തരത്തില്‍ വീഡിയോ ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്.

സ്ത്രീ മനസിലും, ശരീരത്തിലും ലൈംഗികതയിലും രാഷ്ട്രീയത്തിലുമെല്ലാം കടന്നു കയറ്റം നടത്തി ഏകപക്ഷീയമായി കീഴടക്കുന്ന പുരുഷനോടൊപ്പം, നിയമ വ്യവസ്ഥയും കൂട്ട് നില്‍ക്കുകയാണോ എന്ന് ശക്തമായ ഭാഷയില്‍ ചോദ്യം ചെയ്യുന്ന നോവലില്‍ സ്ത്രീ വ്യസനങ്ങളുടെ ഉന്‍മാദ പരിസരങ്ങളെ തീക്ഷ്ണ വര്‍ണത്തില്‍ വരച്ചിടുന്നുണ്ട്. മുപ്പത് വയസ് കഴിഞ്ഞ ഒരു പെണ്ണിന്റെ ഉന്മാദ സമാനമായ വൈകാരിക ലോകമാണ് നോവലിലൂടെ എഴുത്തുകാരി ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച നോവല്‍ ഡിസംബര്‍ 15ന് കൊച്ചി പനമ്പിള്ളി നഗറിലെ കഫേ പപ്പായയില്‍ വച്ചാണ് റിലീസ് ചെയ്യുന്നത്. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച മുപ്പത് വനിതകള്‍ ചേര്‍ന്നായിരിക്കും പ്രകാശനം നിര്‍വഹിക്കുക. സഹീറ തങ്ങളുടെ അഞ്ചാമത്തെ പുസ്‌കതമാണിത്. ഞാനൊന്ന ഒറ്റവര, ആശ്രമ കന്യക (കവിത സമാഹാരം), റാബിയ (നോവല്‍), പ്രാചീനമായ താക്കോല്‍ (കഥാസമാഹാരം) എന്നിവയാണ് നേരത്തെ പ്രസിദ്ധീകരിച്ച കൃതികള്‍. പാലക്കാട് സ്വദേശിയായ സഹീറ തങ്ങള്‍ ഇപ്പോള്‍ കൊച്ചിയിലാണ് താമസം.

SHARE