തിരൂരിലെ കുട്ടികളുടെ മരണം; ആറാമത്തെ കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് നിഗമനം

തിരൂര്‍: ഒമ്പത് വര്‍ഷത്തിനിടെ ദമ്പതിമാരുടെ ആറ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആറാമത്തെ കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. 93 ദിവസം പ്രായമുള്ള കുട്ടിയുടെ പോസ്റ്റുമോര്‍ട്ടമാണ് ചൊവ്വാഴ്ച വൈകീട്ടോടെ പൂര്‍ത്തിയായത്. ഈ കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന പ്രാഥമിക വിവരം. ചൊവ്വാഴ്ച രാവിലെ കബറടക്കിയ മൃതദേഹം ഉച്ചയോടെ പുറത്തെടുത്താണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

കുട്ടിയുടെ ശരീരത്തില്‍ ക്ഷതമേറ്റതിന്റെ പാടുകളില്ലെന്നും വിഷാംശം ഉള്ളില്‍ചെന്നതിന്റെ സൂചനയില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, കുട്ടിയുടെ ആന്തരികാവയങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിന്റെ പരിശോധനഫലങ്ങള്‍ പുറത്തുവന്നാലേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂ.

തിരൂരിലെ റഫീഖ്‌സബ്‌ന ദമ്പതിമാരുടെ ഒരു കുട്ടി നാലരവയസ്സുള്ളപ്പോഴും ബാക്കി അഞ്ച് കുട്ടികള്‍ ഒരു വയസ്സാകുന്നതിന് മുമ്പുമാണ് മരണപ്പെട്ടത്.

93 ദിവസം പ്രായമുള്ള ആറാമത്തെ കുഞ്ഞ് ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഈ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ തിടുക്കത്തില്‍ കബറടക്കിയതാണ് നാട്ടുകാരില്‍ സംശയമുണര്‍ത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചാണ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. എന്നാല്‍ കുട്ടികളുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം. കുട്ടികളുടെ മരണകാരണം ജനിതകപരമായ പ്രശ്‌നങ്ങളും അപസ്മാരവുമാണെന്നും വിദഗ്ധ ഡോക്ടര്‍മാരെ കണ്ട് ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

മൂന്നുമാസം പ്രായമുള്ള കുഞ്ഞ് രാത്രി നിര്‍ത്താതെ കരയുകയും അസ്വസ്ഥകള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. അതേസമയം, സംഭവത്തില്‍ എല്ലാ പഴുതുകളുമടച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്.

SHARE