കൊലക്ക് പിന്നില്‍ കണ്ണൂര്‍ പാര്‍ട്ടി ക്വട്ടേഷന്‍ സംഘം; സി.ബി.ഐ വരണമെന്നും കെ മുരളീധരന്‍

കൊലക്ക് പിന്നില്‍ കണ്ണൂര്‍ പാര്‍ട്ടി ക്വട്ടേഷന്‍ സംഘം; സി.ബി.ഐ വരണമെന്നും കെ മുരളീധരന്‍

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ പിതാവിനെ കെ.പി.സി.സി മാധ്യമ പ്രചാരണ വിഭാഗം തലവന്‍ കെ. മുരളീധരന്‍ ആശ്വസിപ്പിക്കുന്നു

കാഞ്ഞങ്ങാട്: പെരിയ ഇരട്ട കൊലപാതക്കേസിന് പിന്നില്‍ കണ്ണൂര്‍ പാര്‍ട്ടി ക്വട്ടേഷന്‍ സംഘമാണെന്നും നേരറിയാന്‍ സി.ബി.ഐ തന്നെ വരണമെന്നും കെ.പി.സി.സി മാധ്യമ പ്രചാരണ വിഭാഗം തലവന്‍ കെ. മുരളീധരന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതുവരെ സി.പി.എം നടത്തിയ കൊലപാതകങ്ങള്‍ പരിശോധിച്ചാല്‍ കണ്ണൂരില്‍ നിന്നുള്ള പാര്‍ട്ടി ക്വട്ടേഷന്‍ സംഘമാണെന്ന് വ്യക്തമാണ്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അതിനുദാഹരണമാണ്. അന്നത്തെ കോഴിക്കോട് ജില്ലാ സി.പി.എം സെക്രട്ടറി ടി.പി രാമകൃഷ്ണന്‍ അന്ന് കൊലപാതകം നടന്ന സമയത്ത് ചൈനയിലായിരുന്നു. ആ കൊലക്കേസില്‍ പ്രതിരോധിക്കാന്‍ പോലും അദ്ദേഹം തയാറായില്ല. കാരണം അത് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പാര്‍ട്ടി ക്വട്ടേഷന്‍ സംഘം നടത്തിയ കൊലപാതകമായിരുന്നു. സി.ബി.ഐ വന്നാല്‍ എല്ലാം വ്യക്തമാകും. സ്് പെഷ്യല്‍ ബ്രാഞ്ചും ക്രൈംബ്രാഞ്ചും എല്ലാം പിണറായി വിജയനാണ്. ആ പിണറായി തന്നെയാണ് പി. ജയരാജന്റെയടക്കം സംരക്ഷകന്‍. അങ്ങനെയുള്ളവരില്‍ നിന്ന് ഒരിക്കലും നീതി കിട്ടില്ല. അതുകൊണ്ട് നിശ്ചയമായും സി.ബി.ഐ വരണം. സി.ബി.ഐ വന്നത് കൊണ്ടാണ് പി ജയരാജനും ടി.വി രാജേഷും ഷുക്കൂര്‍ വധക്കേസില്‍ കുടുങ്ങിയത്.
പീതാംബരന് മാത്രമായി ഇങ്ങനെ രണ്ടുപേരെ കൊല്ലാന്‍ കഴിയില്ല. ചാനലില്‍ കയറി കുരുക്കുന്ന മുസ്തഫയുടെ പേരില്‍ വരെ കുറ്റങ്ങള്‍ വരുന്നുണ്ട്. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അങ്ങ് തിരുവനന്തപുരത്ത് എത്തുമ്പോഴാണ് പാവമായി തോന്നുന്നത്. ഇങ്ങ് കാസര്‍കോട് എത്തുമ്പോഴല്ലെ ഇയാള്‍ ഭയങ്കരനാണ് എന്ന് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങള്‍ തുടന്നാല്‍ വെറും ഗാന്ധിയന്മാരായി കോണ്‍ഗ്രസുകാര്‍ ഒതുങ്ങുകയില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY