പെരിയ ഇരട്ടക്കൊലപാതകത്തിന്റെ തൊട്ട്മുമ്പ് കിര്‍മാണി മനോജിനും റഫീഖിനും പരോളില്‍; അന്വേഷണം ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പെരിയ ഇരട്ടക്കൊലപാതകത്തില്‍ ടിപി വധക്കേസ് പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഈ കൊലപാതകം നടക്കുന്നതിന് തൊട്ട് മുമ്പ് ടി പി വധക്കേസിലെ പ്രതികളായ കിര്‍മാണി മനോജിനും റഫീഖിനും പരോള്‍ നല്‍കി പുറത്തുവിട്ടിരുന്നു. പരോളിലിറങ്ങിയ ശേഷം ഇവര്‍ എവിടെയാണെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല നടത്തുന്നതിന് മുമ്പ് യുവാക്കളെ ഇടിച്ചിട്ട വാഹനത്തെക്കുറിച്ചും അന്വേഷിക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

അടിയന്തരമായ കാര്യങ്ങള്‍ക്ക് മാത്രമാണ് കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുക എന്നാല്‍ ഇപ്പോള്‍ അത്തരം എന്ത് ഗുരുതരമായ ആവശ്യമാണ് കിര്‍മാണി മനോജിനും റഫീഖിനും ഉണ്ടായിരുന്നതെന്നും പരോള്‍ വാങ്ങി ഇരുവരും എങ്ങോട്ടാണ് പോയതെന്നതിനും മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.