ക്യാമ്പസുകള്‍ വര്‍ഗീയ ചുടലക്കളങ്ങളോ

കൊല്ലം രണ്ടാംകുറ്റി കീലോംതറയില്‍ ഫാത്തിമലത്തീഫ് എന്ന പത്തൊമ്പതുകാരിയായ ഒന്നാംവര്‍ഷബിരുദ വിദ്യാര്‍ത്ഥിനി മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ (ഐ.ഐ.ടി-എം) ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞത് വലിയ ചോദ്യങ്ങളാണ് പൊതുസമൂഹത്തിനുമുന്നില്‍ ഉയര്‍ത്തിവിട്ടിരിക്കുന്നത്. ഇതിന്മേലുള്ള പ്രതിഷേധം കാമ്പസിനകത്തുനിന്ന് പുറത്തേക്കും വ്യാപിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ഐ.ഐ.ടി. നവംബര്‍ എട്ടിനാണ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. പഠനത്തിലുള്ള സമ്മര്‍ദംമൂലം കുട്ടി സ്വയം മരിച്ചതായാണ് അധികൃതര്‍ പറഞ്ഞതെങ്കിലും വിശദാംശങ്ങള്‍ അന്വേഷിക്കുമ്പോള്‍ കിട്ടുന്ന വസ്തുത മതപരമായ വിവേചനത്തിന് ഫാത്തിമ ഇരയായെന്നാണ്. അധ്യാപകര്‍ കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും കുട്ടിയുടെ മാര്‍ക്ക് മന:പൂര്‍വം കുറയ്ക്കുകയും ചെയ്തതായാണ് സഹപാഠികള്‍ ആരോപിക്കുന്നത്. ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ കുറിപ്പില്‍ സുദര്‍ശനന്‍ പത്മനാഭന്‍ എന്ന അധ്യാപകനാണ് തന്റെ മരണത്തിന് മുഖ്യഉത്തരവാദി എന്ന് തുറന്നുപറഞ്ഞിട്ടുമുണ്ട്. സംഭവത്തിന്റെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ കടുത്ത വിവേചനമാണ് കുട്ടിക്ക് നേരിടേണ്ടിവന്നതെന്നാണ് മനസ്സിലാകുന്നത്. തമിഴ്‌നാട് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഒരാഴ്ച പിന്നിട്ടിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഫാത്തിമ മരിക്കുന്ന ദിവസം അവള്‍ കൊല്ലത്തെ വീട്ടിലേക്ക് വിളിച്ചതായി മാതാപിതാക്കള്‍ പറയുന്നു. തനിക്ക് ഇന്റേണല്‍ പരീക്ഷയില്‍ 5 മാര്‍ക്കിന്റെ കുറവ് വരുത്തിയതായും അതിനെതിരെ പരാതി നല്‍കുമെന്ന് മകള്‍ പറഞ്ഞതായും പിതാവ് അബ്ദുല്‍ലത്തീഫ് പറയുന്നു. താന്‍ അതിനെ നിരുല്‍സാഹപ്പെടുത്തുകയാണ് ചെയ്തതെന്ന് ലത്തീഫ് പറയുന്നു. കുട്ടിക്കും രക്ഷിതാവിനും അധ്യാപകരോട് ഭയമുണ്ടായിരുന്നുവെന്നാണ് ഇത് കാണിക്കുന്നത്. മുസ്്‌ലിമായിട്ടും തട്ടമോ ഹിജാബോ ധരിക്കാന്‍ ഫാത്തിമ തയ്യാറാകാതിരുന്നതിന് കാരണം ഈ വിവേചനമായിരുന്നുവത്രെ. കുട്ടിയുടെ പേരിലെ അറബി അക്ഷരങ്ങള്‍ വിവേചനത്തിന്റെയും ജാതിയുടെയും വക്താക്കളെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പിന്നോട്ടടിപ്പിച്ചില്ലെന്നാണ് ഫാത്തിമയുടെ ആത്മഹത്യ തരുന്ന സൂചന. പഠനത്തില്‍ മിടുക്കിയായിരുന്നു ഫാത്തിമ. പ്ലസ്ടുവില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ശേഷമാണ് കുട്ടി ജെ.ഇ മെയിന്‍ പ്രവേശന പരീക്ഷ ഒന്നാം റാങ്കോടെ പാസായി സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രവേശനം നേടിയത്. ശരാശരി പഠന-ബൗദ്ധിക നിലവാരമുള്ള കുട്ടിക്ക് ഐ.ഐ.ടിയില്‍ പ്രവേശനം കിട്ടുക എളുപ്പമല്ല. എന്നിട്ടും മദ്രാസ്‌പോലെ രാജ്യത്തെ എഞ്ചിനിയറിങ് റാങ്കിങില്‍ ഒന്നാമതായ ഐ.ഐ.ടിയില്‍ പ്രവേശനം ലഭിച്ചിട്ടും ഫാത്തിമക്ക് ജീവിതം പോയിട്ട് സ്വന്തം ജീവന്‍പോലും നിലനിര്‍ത്താനാവാതെവന്നു എന്നത് വിദ്യാഭ്യാസ വിചക്ഷരും സാമൂഹിക ശാസ്ത്രജ്ഞരുമെല്ലാം കൂലങ്കഷമായി ചിന്തിക്കേണ്ട വിഷയമാണ്.
രാജ്യത്തെ കാമ്പസുകളില്‍ നടമാടുന്ന അരാജകത്വവും ജാതീയ മേല്‍ക്കോയ്മയും എത്രമാത്രം അതിരുകടന്നുവെന്ന് തെളിയിക്കുന്നതാണ് ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ. ഡല്‍ഹി ജെ.എന്‍.യുവില്‍ കഴിഞ്ഞദിവസം വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് വര്‍ധനക്കെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടിവന്നു. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ഫാത്തിമയുടെ മരണത്തിന്റെ തൊട്ടുതലേന്നാണ് ദേശീയ പവര്‍ലിഫ്റ്റിങ്താരത്തിന് നേരെ സഹപാഠികളില്‍നിന്ന് അതിക്രൂരമായ ആക്രമണം നേരിടേണ്ടിവന്നതിനെതുടര്‍ന്ന് കൈ ഗുരുതരമായി തകര്‍ന്നത്. ക്യാമ്പസില്‍ റാഗിങിനെതിരെ ശക്തമായ നിയമമുണ്ടായിട്ടും അതൊന്നും അവരെ അകറ്റിയില്ല. ഇനിയൊരിക്കലും ഈ കൈകള്‍കൊണ്ട് താരം കായിക മേളകളില്‍ പങ്കെടുക്കരുതെന്നാണ് വേട്ടക്കാര്‍ ലക്ഷ്യമിട്ടിരിക്കുക. ഇതിലൊക്കെ ക്രൂരമാണ് കുട്ടികളുടെ പഠനത്തിന്റെ ഉത്തരവാദിത്തമുള്ള അധ്യാപകര്‍തന്നെ ശിഷ്യയുടെ ജീവന്‍തന്നെ പൊലിച്ചുകളഞ്ഞത്.
എന്തുകൊണ്ടാണ് പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്കുമാത്രം നമ്മുടെ ക്യാമ്പസുകളില്‍ കണ്ണീരില്‍ മുങ്ങി മരണം വരിക്കേണ്ടിവരുന്നത് ? 2015ല്‍ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ രോഹിത്‌വെമുല എന്ന ദലിത് വിദ്യാര്‍ത്ഥിക്ക് അനീതിയില്‍ പ്രതിഷേധിച്ചതിന് അധ്യാപകരുടെയും സര്‍വകലാശാലാമേധാവികളുടെയും പീഡനത്താല്‍ ജീവന്‍ വെടിയേണ്ടിവന്നത് രാജ്യം ഏറെ ചര്‍ച്ച ചെയ്തതാണ്. ജെ.എന്‍.യുവിലെ മുഹമ്മദ് നജീബിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനോ അതിന്റെ അന്വേഷണ ഏജന്‍സികള്‍ക്കോ വര്‍ഷങ്ങള്‍കഴിഞ്ഞിട്ടും യാതൊരു തുമ്പും കണ്ടെത്താനായിട്ടില്ല. സ്വകാര്യ എഞ്ചി.കോളജില്‍ ജിഷ്ണുപ്രണോയിക്കും സമാനമായ സാഹചര്യത്തില്‍ ജീവനൊടുക്കേണ്ടിവന്നത് സാക്ഷര കേരളത്തിലാണ്. ഫാത്തിമയുടെ മരണത്തെക്കുറിച്ച് തമിഴ്‌നാട് പൊലീസ് നടത്തുന്ന അന്വേഷണവും പ്രഹസനമാകാതിരിക്കണമെങ്കില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും സര്‍ക്കാരുകളുടെയും ഭാഗത്തുനിന്ന് ശക്തമായ ഇടപെടല്‍ ഉണ്ടായേതീരൂ. മുഖ്യമന്ത്രി പിണറായി വിജയനെയും തമിഴ്‌നാട് മുഖ്യമന്ത്രിയെയും ഫാത്തിമയുടെ പിതാവ് ഇന്നലെ കണ്ടു. കേന്ദ്ര സര്‍വകലാശാലയിലാണ് സംഭവമെന്നതുകൊണ്ടും ഇതേ ഐ.ഐ.ടിയില്‍തന്നെ അഞ്ചാമത്തെ ആത്മഹത്യയാണെന്നതുകൊണ്ടും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് പ്രശ്‌നം അന്വേഷിക്കണം.
പേരിലെ ‘ഫാത്തിമ’യാണ് പ്രശ്‌നമായതെങ്കില്‍ പ്രതികള്‍ക്കെതിരെ മതവിവേചനത്തിന് യോജ്യമായ വകുപ്പെടുത്ത് ശിക്ഷിക്കാന്‍ നടപടിവേണം. രാജ്യത്തിന്റെ ഭാവി കരുപ്പിടിപ്പിക്കാന്‍ യോഗ്യരായ വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്ക് അവരുടെ ജാതിയും മതവും വര്‍ണവും ഭാഷയും കാരണം ജീവിക്കാന്‍പോലും കഴിയുന്നില്ലെന്ന് വരുന്നത് മതേതര ഇന്ത്യക്ക് ഒരുതരത്തിലും ഭൂഷണമല്ല. മതവും ജാതിയും നോക്കി ആളുകളെ വിലയിരുത്തുകയും അവസരങ്ങള്‍ നിഷേധിക്കുകയുംചെയ്യുന്ന കാലത്ത് കീഴ്ജാതിക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കുമെല്ലാം ജീവിക്കാനുള്ള മൗലികാവകാശമെങ്കിലും സംരക്ഷിക്കപ്പെട്ടേ മതിയാകൂ. വിദ്യാഭ്യാസം പൗരന്റെ അവകാശമാക്കപ്പെട്ട നാടാണ് ഇന്ത്യ. വാളയാറില്‍ രണ്ട് ദലിത് ബാലികമാര്‍ ലൈംഗിക പീഡനത്താല്‍ തൂങ്ങിമരിച്ചതായി വിധിയെഴുതുകയും പ്രതികളെ പുഷ്പംപോലെ രക്ഷിച്ചെടുക്കുകയുംചെയ്ത അതേ അധികാരിവര്‍ഗം തന്നെയാണ് ക്യാമ്പസുകളിലെ പിന്നാക്ക വിദ്യാര്‍ത്ഥികളുടെ തുടര്‍ മരണങ്ങളിലെയും പ്രതികള്‍. ഭൂമിശാസ്ത്രപരമായ വ്യത്യാസമേ ഇവയെല്ലാം തമ്മിലുള്ളൂ. പ്രതികളെല്ലാം ഒരേ കാവിക്കമ്പാര്‍ട്ട്‌മെന്റില്‍ തന്നെയാണ്. വെമുലയും ജിഷ്ണുവും നജീബും ഫാത്തിമയുമൊന്നും ഇനിയും നമുക്ക് പാഠവുമാകുന്നില്ല?

SHARE