തൊടുപുഴയിലെ കൂട്ടക്കൊല: കൊലപാതകം നടത്തിയ രണ്ടുപേര്‍ പിടിയില്‍

തൊടുപുഴ: കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കൊല്ലപ്പെട്ട കൃഷ്ണന്റെ അടുത്ത അനുയായിയാണ് അറസ്റ്റിലായത്. കൃഷ്ണന്റെ മന്ത്രവാദത്തിന് ആളുകളെ എത്തിക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് അറസ്റ്റിലായിരിക്കുന്നത്. കൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് ഇയാള്‍ നാട്ടില്‍ നിന്ന് മുങ്ങിയിരുന്നു. ഇതാണ് അന്വേഷണം ഇയാളില്‍ കേന്ദ്രീകരിക്കാന്‍ കാരണമായത്. കൃഷ്ണന്റെ വീട്ടില്‍ നിന്ന് കാണാതായ 40 പവന്‍ സ്വര്‍ണാഭരണങ്ങളും ഇവരില്‍ നിന്ന് കണ്ടെടുത്തു.

കൃഷ്ണനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി തലക്കടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന സൂചന. തടയാനെത്തിയപ്പോഴാണ് മകനേയും മകളേയും കൊലപ്പെടുത്തിയതെന്നും സൂചനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. കേസില്‍ ആറുപേരെയാണ് പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തത്. ഇതില്‍ നെടുങ്കണ്ടം സ്വദേശിയേയും തിരുവനന്തപുരം സ്വദേശികളില്‍ ഒരാളേയും വിട്ടയച്ചതായാണ് വിവരം.

തൊടുപുഴ വണ്ണപ്പുറം കമ്പക്കാനം കാനാട്ടുവീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെ കൊലപ്പെടുത്തി വീടിനോട് ചേര്‍ന്ന ചാണകക്കുഴിയില്‍ കുഴിച്ചിട്ട നിലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് കണ്ടെത്തിയത്. കൃഷ്ണന്റെ മകന്റെ ശരീരത്തിലായിരുന്നു കൂടുതല്‍ മുറിവുകള്‍. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിര്‍ണായകമായത്.

SHARE