ചെറുപ്പക്കാര്‍ പ്രണയിക്കട്ടെ, വാലന്റൈന്‍സ് ഡേയെ എതിര്‍ക്കുന്നില്ല: പ്രവീണ്‍ തൊഗാഡിയ

ചണ്ഡിഗഡ്: വാന്റൈന്‍സ് ഡേ (പ്രണയദിനം) സംസ്‌കാര വിരുദ്ധമാണെന്ന് സംഘ് പരിവാര്‍ സംഘടനകള്‍ ശക്തമായ പ്രചരണം നടത്തുന്നതിനിടെ എതിര്‍ശബ്ദവുമായി വിശ്വഹിന്ദു പരിഷത്ത് തലവന്‍ പ്രവീണ്‍ തൊഗാഡിയ. ചെറുപ്പക്കാര്‍ക്ക് പ്രണയിക്കാന്‍ അവകാശമുണ്ടെന്നും പ്രണയവും വിവാഹവുമില്ലെങ്കില്‍ ലോകം നിലനില്‍ക്കില്ലെന്നും ഹിന്ദുത്വ ശക്തികളുടെ ആദര്‍ശ പുരുഷനായ തൊഗാഡിയ വി.എച്ച്.പി, ബജ്‌റംഗള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ അഭിപ്രായപ്പെട്ടു.

‘ചെറുപ്പക്കാര്‍ പ്രണയത്തിലാവുന്നില്ലെങ്കില്‍ വിവാഹങ്ങളുണ്ടാവില്ല. വിവാഹം ഉണ്ടായില്ലെങ്കില്‍ ലോകം എങ്ങനെയാണ് മുന്നോട്ടു പോവുക? യുവാക്കള്‍ക്കും യുവതികള്‍ക്കും പ്രണയിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. ആ അവകാശം അവര്‍ക്ക് ലഭിക്കുകയും വേണം.’ തൊഗാഡിയ പറഞ്ഞു.

വാലന്റൈന്‍സ് ഡേയ്‌ക്കെതിരെ പ്രതിഷേധം നടത്തുന്നതിനെതിരെ താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തൊഗാഡിയ പറഞ്ഞു. ‘നമ്മുടെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും പ്രണയിക്കാനുള്ള അവകാശമുണ്ടെന്ന സന്ദേശം ഞാന്‍ നല്‍കിയിട്ടുണ്ട്.’