തൊട്ടില്‍പാലത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; അയല്‍വാസികളായ ദമ്പതികള്‍ അറസ്റ്റില്‍

തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലം മുസ്‌ലിംലീഗ് ഓഫീസില്‍ മധ്യസ്ഥ ചര്‍ച്ചക്കു ശേഷം നടന്ന വാക്ക് തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കാവിലുംപാറ പഞ്ചായത്തിലെ കുണ്ടുതോട് ബെല്‍മൗണ്ടിലെ എടച്ചേരിക്കണ്ടി ആലിയുടെ മകന്‍ അന്‍സാര്‍ (29) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികില്‍സക്കിടെ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെയാണ് സംഭവം. അന്‍സാറിനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച അയല്‍വാസിയായ കുറ്റിക്കാട്ടില്‍ അമ്മദ്ഹാജി (60)യെയും ഭാര്യ ജമീലയെയും തൊട്ടില്‍പ്പാലം പോലീസ് അറസ്റ്റ് ചെയ്തു.

എതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അമ്മത് ഹാജിയുടെ കുടുംബവും നാട്ടിലെ ചിലരുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം തൊട്ടില്‍പ്പാലം ലീഗ് ഹൗസില്‍ വെച്ച് ഇരു വിഭാഗവും തമ്മില്‍ മധ്യസ്ഥ ചര്‍ച്ച നടത്തി രമ്യമായി പരിഹരിച്ച് പുറത്ത് ഇറങ്ങുമ്പോഴുണ്ടായ നിസ്സാര സംഭവമാണ് കത്തികുത്തില്‍ കലാശിച്ചത്. അമ്മദ് ഹാജിയുടെ ഭാര്യയുടെ ബാഗില്‍ ഒളിപ്പിച്ചു വെച്ച കത്തി സംഭവ സമയത്ത് അമ്മദ് ഹാജിയെ ഏല്‍പ്പിക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അമ്മദ് ഹാജിയെ പിടിച്ചു മാറ്റുന്നതിനിടയില്‍ സ്ഥലത്തുണ്ടായിരുന്ന മുസ്‌ലിം ലീഗ് കാവിലുംപാറ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സി.എച്ച് സൈതലവിക്കും യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ശിഹാബിനും, അന്‍സാറിന്റെ പിതാവ് ആലിക്കും പരിക്കേറ്റു. മരണപെട്ട അന്‍സാര്‍ യൂത്ത് ലീഗ് എസ്‌റ്റേറ്റ് മുക്ക് ശാഖ സെക്രട്ടറിയും കുറ്റിയാടിയിലെ ഒട്ടോ തൊഴിലാളി യൂണിയന്‍ എസ്.ടി.യു ജോയിന്റ് സെകട്ടറിയുമാണ്. മാതാവ്: ജമീല, ഭാര്യ: സൈഫുന്നീസ ഏക മകള്‍: ഐസ ഫാത്തിമ, സഹോദരന്‍: അന്‍സില്‍. കുണ്ടുതോട് എസ്‌റ്റേറ്റ് പള്ളിയില്‍ മയ്യിത്ത് നമസ്‌ക്കാരം നടത്തിയ ശേഷം കുണ്ട്‌തോട് ജുമാ മസ്ജിദില്‍ ഖബറടക്കി.

SHARE