പെറുവില്‍ അഭയം തേടി വെനസ്വേലക്കാരുടെ ഒഴുക്ക്

ലിമ: വെനസ്വേലയില്‍നിന്ന്് എത്തിയ നൂറുകണക്കിന് ആളുകള്‍ പെറുവില്‍ അഭയത്തിന് അപേക്ഷ നല്‍കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ വെനസ്വേലയില്‍നിന്ന് ആയിരക്കണക്കിന് ആളുകളാണ് അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത്. അഭയാര്‍ത്ഥികളുടെ ഒഴുക്ക് കുറക്കാന്‍ പ്രവേശന നിയന്ത്രണങ്ങള്‍ പെറു അല്‍പം കര്‍ക്കശമാക്കിയിട്ടുണ്ട്. വെനസ്വേലയില്‍നിന്നുള്ളവര്‍ക്ക് പെറുവിലെ അധികൃതര്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കി. ഇതുവരെ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായാല്‍ തന്നെ അതിര്‍ത്തി കടക്കമായിരുന്നു.

കൊളംബിയയും ഇക്വഡോറും വഴി പുറത്തുകടക്കുന്ന വെനസ്വേലക്കാര്‍ പെറുവില്‍ മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും പെറു ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. പെറുവില്‍ ഇപ്പോള്‍ തന്നെ നാല് ലക്ഷത്തോളം വെനസ്വേലക്കാരുണ്ട്. ഇവരില്‍ ഏറെപ്പേരും ഈ വര്‍ഷം എത്തിയവരാണ്. വെള്ളിയാഴ്ച മാത്രം 2500ലേറെ പേരാണ് അതിര്‍ത്തി കടന്നത്. ഭക്ഷണത്തിനു പോലും പ്രയാസം അനുഭവിക്കുന്ന വെനസ്വേലക്കാര്‍ മേഖലയില്‍ വന്‍ അഭയാര്‍ത്ഥി പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

SHARE