മണ്ണും മനസ്സും കീഴടക്കി കര്‍ഷക ജാഥ മുംബൈയില്‍, നിയമസഭാ മാര്‍ച്ച് ഇന്ന് : തിരക്കിട്ട ചര്‍ച്ചക്ക് ഒരുങ്ങി സര്‍ക്കാര്‍

മുംബൈ: ‘ആത്മഹത്യയല്ല പോരാട്ടമാണ് മാര്‍ഗ’മെന്ന് കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോങ്ങ് മാര്‍ച്ച് മുംബൈയിലെ നഗരത്തില്‍ എത്തി. ഇന്നലെ രാത്രിയോടെ നഗരത്തിലേക്ക് കടന്ന പ്രവര്‍ത്തകര്‍ ആസാദ് മൈതാനിയിലാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്. ഇന്ന് രാവിലെ 11 മണിക്ക് മഹാരാഷ്ട്ര നിയമസഭ മന്ദിരം ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസുമായി കര്‍ഷക നേതാക്കള്‍ നടത്തുന്ന ചര്‍ച്ച ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ആറു ദിവസംമുമ്പ് നാസിക്കില്‍നിന്ന് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷകരുടെ കാല്‍നടജാഥ ഒരുലക്ഷം സമരഭടന്മാരുമായി ഞായറാഴ്ച മുംബൈയിലെത്തി. പൊതു പരീക്ഷകള്‍ തുടങ്ങിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമരം മൂലം ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് സമരക്കാര്‍ രാത്രി തന്നെ നഗരത്തില്‍ പ്രവേശിച്ചത്. വിവിധ ദളിത് സംഘടനകള്‍ ലോങ്മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ നിയമസഭാ മന്ദിരം ഉപരോധിക്കുമ്പോള്‍ കര്‍ഷകര്‍ക്കൊപ്പം ദളിത് സംഘടനകളും ചേരുന്നതോടെ വലിയ ജനകീയ മുന്നേറ്റത്തിനാവും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം സാക്ഷിയാകും.

് ശിവസേനയും, എം.എന്‍.എസും എന്‍.സി.പിയും തുടങ്ങി കൂടുതല്‍ സംഘടനകള്‍ സമരത്തിന് പിന്തുണയുമായി വന്ന സാഹചര്യത്തില്‍ ഇന്നലെ മുതല്‍ സംസ്ഥാന സര്‍ക്കാര്‍ സമരനേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.