മധ്യപ്രദേശില്‍ മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക്; സൂചന നല്‍കി നേതൃത്വം

കര്‍ണാടകയിലെ പോലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പിയിലേക്ക് എത്തിക്കാമെന്ന അമിത് ഷായുടെ തന്ത്രങ്ങള്‍ പാളിയതിന് പിന്നാലെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. മധ്യപ്രദേശിലെ മൂന്ന് ബിജെപി എം.എല്‍.എമാര്‍ ഉടന്‍ തന്നെ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ച രാത്രി ബി.ജെ.പി എം.എല്‍.എമാര്‍ മുഖ്യമന്ത്രി കമല്‍നാഥുമായി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ശരദ് കൗള്‍, സഞ്ജയ് പതക്, നാരായണ്‍ ത്രിപാഠി തുടങ്ങിയ ബിജെപി എംഎല്‍എമാരാണ് കഴിഞ്ഞ ദിവസം കമല്‍നാഥുമായി ചര്‍ച്ച നടത്തിയത്.

ബി.ജെ.പി വിടുമെന്ന് സൂചന നല്‍കിയവരിലുള്ള നാരായാണ്‍ ത്രിപാഠി നേരത്തെ നിയമസഭയില്‍ പരസ്യമായി കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ച വ്യക്തിയാണ് . നിയമസഭയില്‍ ക്രിമിനല്‍ ഭേദഗതി ബില്ലിന്‍മേലുള്ള വോട്ടെടുപ്പില്‍ നാരായണ്‍ ത്രിപാഠിയും ശരത് കൗളും കമല്‍നാഥ് സര്‍ക്കാറിന് അനുകൂലമായി നിലപാട് സ്വീകരിച്ചിരുന്നു. പൗരത്വ നിയമഭേദഗതി വിഷയത്തിലും കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച നേതാവാണ് നാരായണ്‍ ത്രിപാഠി. രാജ്യത്തിന് പരൗത്വ നിയമ ഭേദഗതി ഒരു തരത്തിലും ഗുണകരമാവില്ലെന്നായിരുന്നു നാരായണണ്‍ ത്രിപാഠി അഭിപ്രായപ്പെട്ടത്.

ബിജെപി നടത്തുന്നത് ഓപ്പറേഷന്‍ താമരയല്ല, ഓപ്പറേഷന്‍ മണി ബാഗ് ആണെന്നും കമല്‍ നാഥ് സര്‍ക്കാറിന് ഒരു പ്രശ്‌നവും സംഭവിക്കില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്കെത്താന്‍ 35 കോടി രൂപ എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ബി.ജെ.പി ചെയ്തതായും അദ്ദേഹം പറഞ്ഞിരുന്നു.

SHARE