ഫാഷിസത്തിനെതിരെ ഇനിയും ഒരുമിച്ചില്ലെങ്കില്‍ സര്‍വനാശമെന്ന് കെഎം ഷാജി

കോഴിക്കോട്: ഫാഷിസത്തിനെതിരെ ശുഭാപ്തി വിശ്വാസത്തോടെ ഒന്നിച്ച് നില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍വനാശമായിരിക്കും ഫലമെന്ന് ഓര്‍മ്മപ്പെടുത്തലുമായി കെഎം ഷാജി എംഎല്‍എ. അതിക്രമങ്ങളിലൂടെ ആധിപത്യം സ്ഥാപിക്കുകയും ആധിപത്യം സമ്പൂര്‍ണ അതിക്രമങ്ങളിലൂടെ നിലനിര്‍ത്തുകയും ചെയ്യുന്നതാണ് സംഘപരിവാര്‍ രാജ്യവ്യാപകമായി സ്വീകരിക്കുന്ന രീതി. ഇത്തരത്തില്‍ ത്രിപുരയും അരാജകത്തിലാഴ്ത്താനാണ് സംഘപരിവാര്‍ ശ്രമമെന്ന് ഷാജിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ജോര്‍ജ് ഓര്‍വെല്‍ മുന്നോട്ടുവെച്ച ‘ബിഗ് ബ്രദര്‍ സ്‌റ്റേറ്റ്’ എന്ന ഫാഷിസ്റ്റ് സ്വപ്‌നത്തിലേക്ക് രാജ്യം മാറുകയാണ്. അതിന് പ്രതിരോധം തീര്‍ക്കാനായില്ലെന്ന് ചരിത്രം നമ്മെ ഒറ്റുകാരെന്ന് വിളിക്കും. ത്രിപുരയടക്കമുള്ള പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്ന് പ്രകാശ് കാരാട്ടിനെ പോലുള്ളവര്‍ തങ്ങളുടെ നിലപാടുകള്‍ മതനിരപേക്ഷ മുന്നേറ്റത്തിന് അനുകൂലമായി സ്വീകരിക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.