യുവ ക്രിക്കറ്റ് താരം ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു മരിച്ചു

അഗര്‍ത്തല: പരിശീലന മത്സരത്തിനിടെ യുവക്രിക്കറ്റ് താരം ഗ്രൗണ്ടില്‍ കുഴഞ്ഞു വീണുമരിച്ചു. ത്രിപുര അണ്ടര്‍23 ടീം അംഗം മിഥുന്‍ ദെബ്ബര്‍മ്മയാണ് അഗര്‍ത്തല മഹാരാജ ബിര്‍ ബിക്രം ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പരിശീലന മത്സരത്തിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അഗര്‍ത്തലയില്‍ നിന്ന് കുറച്ചകലെയായുള്ള ബിഷല്‍ഗര്‍ സ്വദേശിയാണ് മിഥുന്‍. ഹൃദയാഘാതമാണ് ഈ യുവകായിക താരത്തിന്റെ ജീവനെടുത്തതെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പോസ്റ്റുമോര്‍ട്ടം വേണമെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് ത്രിപുര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് മിഥുനെ പ്രവേശിപ്പിച്ച ഇന്ദിരഗാന്ധി മെമ്മോറിയല്‍ ആസ്പത്രിയിലെത്തിയിട്ടുണ്ട്. കായിക രംഗത്തെ പല പ്രമുഖരും ആസ്പത്രിയിലെത്തി.

SHARE