സ്ത്രീ സുരക്ഷക്കു വേണ്ടിയുള്ള പോരാട്ടം തുടരും, ഒരാളുടെ ഉമ്മാക്കി കണ്ടും ഞങ്ങള്‍ പേടിക്കില്ല-സ്മൃതി ഇറാനിക്ക് മറുപടിയുമായി ടി.എന്‍ പ്രതാപന്‍

ടി.എന്‍ പ്രതാപന്റെ ഫെയ്‌സ്ബുക് കുറിപ്പ്:

2012 ഡല്‍ഹിയില്‍ നടന്ന കൂട്ടമാനഭംഗം മറന്നിട്ടുണ്ടാകില്ല ആരും. അതെ, നിര്‍ഭയ! അന്ന് ആ വിഷയം ഏറ്റവും കൂടുതല്‍ രാഷ്ട്രീയ വത്കരിച്ചത് ബി ജെ പിയാണ്. ബലാത്സംഗക്കാര്‍ കോണ്‍ഗ്രസ്സുകാരൊന്നുമായിരുന്നില്ല. എന്നിട്ടും പ്രതിഷേധങ്ങളെ…. പ്രക്ഷോഭങ്ങളെ…..
അന്നത്തെ കേന്ദ്രഡല്‍ഹി സംസ്ഥാന സര്‍ക്കാരുകള്‍ ഭരണത്തിലിരിക്കുന്നു എന്ന ഉത്തരവാദിത്വത്തോടെ അഭിമുഖീകരിച്ചു. പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു. നിയമപീഠം അവരെ ശിക്ഷിച്ചു. രാഹുല്‍ ഗാന്ധി വളരെ രഹസ്യമായി നിര്‍ഭയയുടെ സഹോദരനെ പഠിപ്പിച്ച് പൈലറ്റാക്കി (ഇതുപിന്നെ ലോകമറിഞ്ഞത് നിര്‍ഭയയുടെ അമ്മ അവരുടെ നന്ദിയും സന്തോഷവും പങ്കുവെച്ചപ്പോഴാണ്).

ഇനി മറ്റൊരു കാര്യം. കശ്മീരിലെ കത്വയില്‍ ഒരു ബാലികയെ കുറച്ചുപേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു കൊന്നു. ദിനേന മയക്കുമരുന്ന് കുത്തിവെച്ച്, ഒരു അമ്പലത്തിന്റെ കോവിലില്‍ വെച്ചായിരുന്നു ഈ ക്രൂരത. ഒടുവില്‍ ആ പ്രദേശത്തെ സംഘപരിവാറുകാരെ പിടികൂടി. അന്ന് ഇന്ത്യ മുഴുവന്‍ നീതിക്കുവേണ്ടി പ്രതിഷേധിച്ചപ്പോള്‍ കാശ്മീരില്‍ ഒരു സംഘം ദേശീയപതാകയും താമര അലംകൃത പതാകയുമേന്തി പ്രതിഷേധിച്ചു. അവരുടെ ആവശ്യം പ്രതികളെ മോചിപ്പിക്കണമെന്നായിരുന്നു.

പിന്നെ, ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ ഒരു സംഭവമുണ്ടായി. ഒരു ബി.ജെ.പി എം എല്‍ എ ഒരു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി. യോഗി സര്‍ക്കാരിലെ ശക്തനായ കുല്‍ദീപ് സെന്‍ഗാറിനെതിരെ നടപടി വരാന്‍ കാലം കുറച്ചെടുത്തു. അതും കനത്ത ജനരോഷത്തിനൊടുവില്‍. എന്നിട്ടോ, അയാള്‍ ജയിലിനകത്ത് സുഖവാസം നടത്തി. ഗുണ്ടകളെ വിട്ട് പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും വക്കീലും അടക്കം സകലരെയും വകവരുത്തി. കുട്ടിയെ ലോറി കയറ്റി കൊല്ലാനും നോക്കി.

അതേ ഉന്നാവോയില്‍ മറ്റൊരു ബലാത്സംഗം! ജാമ്യത്തിലിറങ്ങിയ പ്രതികള്‍ അക്രമത്തിനിരയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തീകൊളുത്തി. അതും കോടതിയിലേക്ക് പോകുന്ന വഴിക്ക്.

രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത സ്ഥിതിയായിരിക്കുന്നു എന്നും കേന്ദ്രം ഈ വിഷയത്തില്‍ അവജ്ഞ വെടിഞ്ഞ് ഇടപെടണമെന്നും ആവശ്യപ്പെട്ട് ഇന്ന് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു. ഈ വിഷയം ചര്‍ച്ച ചെയ്യാനേ ഭരണപക്ഷം തയ്യാറല്ലായിരുന്നു. ഒടുവില്‍ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി സ്മൃതി ഇറാനി സംസാരിക്കാനെഴുന്നേറ്റു. അതുപോരാ, ക്രമാസമാധാനത്തിന്റെ വിഷയം കൂടിയാണ് ആഭ്യന്തര മന്ത്രി കൂടി വന്ന് ഇടപെടണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ തികച്ചും ന്യായമായ ആവശ്യം. ഇത് മന്ത്രിക്ക് പറ്റിയില്ല. അവര്‍ പെട്ടെന്ന് പ്രകോപിതയായി. പ്രതിഷേധം തുടരുന്ന പ്രതിപക്ഷത്തിനെതിരെ ട്രെഷറി ബെഞ്ചിലുള്ളവരുടെ ധാര്‍ഷ്ട്യം കാണണമായിരുന്നു. അതെ, ഉള്ളി വിലവര്‍ദ്ധനവിന്റെ ചര്‍ച്ചയില്‍ ധനമന്ത്രിയൊക്കെ കാണിച്ച ധാര്‍ഷ്ട്യം തന്നെ.

മന്ത്രി ഇരിപ്പിടം വിട്ട് എഴുന്നേറ്റ് നീങ്ങി പ്രതിപക്ഷത്തോട് ആക്രോശിക്കാന്‍ തുടങ്ങി. കൈചൂണ്ടി അധികാരത്തിന്റെ അഹങ്കാരത്തോടെ വെല്ലുവിളിക്കുകയാണ്. ഞങ്ങള്‍ പ്രതിഷേധം തുടര്‍ന്നു. ഇതിനിടക്ക് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു. മന്ത്രിയടക്കമുള്ള ഭരണപക്ഷവും, പ്രതിപക്ഷവും ഒരുപോലെ അച്ചടക്കത്തോടെ പെരുമാറണമെന്ന് സ്പീക്കര്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

സഭ വീണ്ടും ചേര്‍ന്നപ്പോള്‍ അധ്യക്ഷ പാനലിലുള്ള ശ്രീമതി മീനാക്ഷി ലേഖി എനിക്കും ഡീന്‍ കുരിയാക്കോസിനുമെതിരെ നടപടിയെടുക്കുമെന്ന് സൂചന നല്‍കി. അടുത്ത ദിവസം ഞങ്ങളെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് പറയുന്ന പ്രമേയം ഭരണപക്ഷം സഭയില്‍ കൊണ്ടുവന്നേക്കും.

ഒരുകാര്യം പറയാം. സത്യത്തിനും, നീതിക്കും, സ്ത്രീ സുരക്ഷക്കും വേണ്ടിയുള്ള പോരാട്ടം തുടരും. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കും. ഒരാളുടെ ഉമ്മാക്കി കണ്ടും ഞങ്ങള്‍ പേടിക്കില്ല. അങ്ങനെ പേടിച്ചിരിക്കാനല്ല ജനങ്ങള്‍ ഞങ്ങളെ ജയിപ്പിച്ചയച്ചത്. പോരാടാനാണ്. സത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളാനാണ്.

ഓരോരുത്തരുടേയും അമ്മക്ക്, സഹോദരിക്ക്, ഭാര്യക്ക് എല്ലാത്തിനുമുപരി ഒരു സ്ത്രീ എന്ന നിലക്ക് തന്നെ രാജ്യത്തെ ഓരോ സ്ത്രീയുടെയും അവകാശത്തിനും, സുരക്ഷക്കും വേണ്ടിയുള്ള പോരാട്ടമാണ് ഇത്. ഞങ്ങളെ സസ്‌പെന്‍ഷന്‍ എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാമെന്ന് നിനക്കുന്നവരുടെ ഓരോരോ പകല്‍കിനാവുകള്‍!