പ്രതാപം തിരിച്ചുപിടിക്കാന്‍ തൃശൂര്‍

പ്രതാപം തിരിച്ചുപിടിക്കാന്‍ തൃശൂര്‍

കെ.എ മുരളീധരന്‍

യു.ഡി.എഫും എല്‍.ഡി.എഫും മാറി മാറി ജയിച്ചിട്ടുണ്ടെങ്കിലും തൃശൂര്‍ അടിസ്ഥാനപരമായി യുഡി.എഫിനോട് ചേര്‍ന്നു നില്‍ക്കുന്ന മണ്ഡലമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടംവലം നോക്കാതെ വമ്പന്മാരെ വാഴ്ത്തുകയും വീഴ്ത്തുകയും ചെയ്ത പാരമ്പര്യമാണ് തൃശൂരിനുള്ളത്. ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് തൃശൂര്‍ ലോക്സഭ മണ്ഡലം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളും എല്‍.ഡി.എഫിനാണ് ലഭിച്ചതെങ്കിലും മാറ്റത്തിനായി കൊതിക്കുകയാണ് തൃശൂര്‍ എന്നതാണ് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. കഴിഞ്ഞ തവണ 38,277 വോട്ട് ഭൂരിപക്ഷത്തിലാണ് അന്നത്തെ സിപിഐ ജില്ലാ സെക്രട്ടറികൂടിയായിരുന്ന സി എന്‍ ജയദേവന്‍ ലോക്സഭയിലെത്തിയത്. എന്നാല്‍ ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ചുക്കാന്‍ വഹിച്ച് നല്ല പരിചയമുള്ള കോണ്‍ഗ്രസിന്റെ ഹരിതപ്രതീകം കൂടിയായ ചുറുചുറുക്കുള്ള ടി.എന്‍ പ്രതാപനെയാണ് യു.ഡി.എഫ് മണ്ഡലം പിടിക്കാന്‍ രംഗത്തിറക്കിയിരിക്കുന്നത്.
പാര്‍ലമെന്റ് ജനാധിപത്യത്തില്‍ തൃശൂര്‍ ഹരിശ്രീ കുറിച്ചത് സാക്ഷാല്‍ ജോസഫ് മുണ്ടശ്ശേരിയെ മലര്‍ത്തിയടിച്ചാണ്. 1951ല്‍ സി.പി.ഐ സ്വതന്ത്രനായി മത്സരത്തിനിറങ്ങിയ മുണ്ടശ്ശേരിയെ തോല്‍പിച്ചത് കോണ്‍ഗ്രസിലെ ഈയ്യുണ്ണി ചാലക്കയായിരുന്നു. 40.66 ശതമാനം വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചപ്പോള്‍ 32.60 ശതമാനം മാത്രമാണ് മുണ്ടശ്ശേരിക്കു ലഭിച്ചത്. തിരുക്കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു അന്ന് തൃശൂര്‍ മണ്ഡലം. മണ്ഡലത്തിലെ ആദ്യ ജയം കോണ്‍ഗ്രസിനായിരുന്നെങ്കില്‍ ഐക്യ കേരളം രൂപീകരിച്ചതോടെ കഥ മാറി. തുടര്‍ച്ചയായി അഞ്ചു തവണയാണ് സി.പി.ഐ പ്രതിനിധികള്‍ പാര്‍ലമെന്റിലെത്തിയത്. 1957ല്‍ കോണ്‍ഗ്രസിന്റെ ബാലകൃഷ്ണ മാരാരെ തോല്‍പ്പിച്ച് സി.പി.ഐ അക്കൗണ്ട്തുറന്നു. കൃഷ്ണനാണ് അന്ന് സി.പി.ഐക്കു വേണ്ടി പടനയിച്ചത്. 62ലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിഭജനത്തിന് ശേഷം നടന്ന 67 ലെ തെരഞ്ഞെടുപ്പിലും സി.പി.ഐ പ്രതിനിധി പാര്‍ലമെന്റിലെത്തി. 67ല്‍ സി.പി.എം ഉള്‍പ്പെട്ട സപ്തകക്ഷി മുന്നണി രൂപീകരിച്ചാണ് കോണ്‍ഗ്രസിനെ സി.പി.ഐ തോല്‍പ്പിച്ചത്. എന്നാല്‍ 71ല്‍ എതിര്‍പക്ഷത്തായിരുന്ന കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നായിരുന്നു സി.പി.ഐയുടെ മത്സരം. സി.പി.എമ്മിലെ കെ.പി അരവിന്ദാക്ഷനായിരുന്നു മുഖ്യ എതിരാളി. 77ലും കോണ്‍ഗ്രസ് പാളയത്തില്‍ നിന്നായിരുന്നു സി.പി.ഐയുടെ വിജയം. മുഖ്യ എതിരാളി സി.പി.എം തന്നെ. എന്നാല്‍ കോണ്‍ഗ്രസ് പാളയമുപേക്ഷിച്ച സി.പി.ഐ 80ല്‍ സി.പി.എമ്മിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി. കെ.എ രാജനെയാണ് അന്നു മണ്ഡലം തുണച്ചത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കൃത്യമായി പ്രതികാരം വീട്ടി. 39 ശതമാനമായിരുന്ന വോട്ട് 51.92 ശതമാനമായി ഉയര്‍ത്തി പി.എ ആന്റണി ജയിച്ചു കയറി.
89ല്‍ സി.പി.ഐയുടെ മീനാക്ഷി തമ്പാനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ പി.എ ആന്റണി വീണ്ടും പാര്‍ലമെന്റിലെത്തി. 91ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ പി.സി ചാക്കോയായിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. സി.പി.ഐക്ക് വേണ്ടി പോരിനിറങ്ങിയത് കെ.പി രാജേന്ദ്രനും. മത്സരഫലം വന്നപ്പോള്‍ വിജയം ചാക്കോക്കൊപ്പമായിരുന്നു. എന്നാല്‍ പിന്നീട് കെ. കരുണാകരന് കാലിടറി. സി.പി.ഐയിലെ വി.വി രാഘവനെയാണ് അന്ന് മണ്ഡലം തുണച്ചത്. 98ല്‍ സീറ്റ് തിരിച്ചുപിടിക്കാനിറങ്ങിയ മകന്‍ കെ മുരളീധരനേയും മണ്ഡലം തുണച്ചില്ല. വി.വി രാഘവനോട് മുരളീധരന്‍ നിസാര വോട്ടിന് തോറ്റു. കൃത്യം ഒരു വര്‍ഷത്തിനു ശേഷം നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എ.സി ജോസിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു. 2004ല്‍ മണ്ഡലം വീണ്ടും കോണ്‍ഗ്രസിനു നഷ്ടമായി. സി.പി. ഐയിലെ സി.കെ ചന്ദ്രപ്പനൊപ്പമായിരുന്നു വിജയം. 2009ല്‍ പി.സി ചാക്കോയിലൂടെ മണ്ഡലം വീണ്ടും കോണ്‍ഗ്രസിന്റെ അക്കൗണ്ടിലെത്തി. 2014ല്‍ ചാലക്കുടിയിലേക്ക് മാറിയ പി.സി ചാക്കോക്ക് പകരം ചാലക്കുടിയിലെ എം.പിയായ കെ.പി ധനാപലന്‍ തൃശൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായെത്തി. എന്നാല്‍ വിജയം സി.എന്‍ ജയദേവനായിരുന്നു. സി.പി.ഐക്ക് രാജ്യത്തു ലഭിച്ച ഏക മണ്ഡലമായിരുന്നു തൃശൂരിലേത്.
എന്നാല്‍ വികസന കാര്യത്തില്‍ വന്‍ പരാജയമായ സി.എന്‍ ജയദേവന് വീണ്ടുമൊരു അവസരം നല്‍കാതെ ജനയുഗം പത്രാധിപരും മുന്‍ ഒല്ലൂര്‍ എം.എല്‍.എയുമായ രാജാജി മാത്യു തോമസ് ആണ് ഇക്കുറി സി.പി.ഐ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതില്‍ നിലവിലെ സി.എന്‍ ജയദേവനെ അനുകൂലിക്കുന്നവര്‍ വലിയ പ്രതിഷേധത്തിലാണ്. ഇതിനിടയിലാണ് വികസന നായകനെന്ന് എതിരാളികള്‍പോലും സമ്മതിക്കുന്ന ടി.എന്‍ പ്രതാപന്‍ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. തൃശൂര്‍. മണ്ഡലത്തില്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. എന്നാല്‍ ജില്ലയില്‍ വലിയ സ്വാധീനമില്ലാത്ത ബി.ജെ.പിക്കോ ബി.ഡി. ജെ.എസിനോ യാതൊരു ചലനവുമുണ്ടാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

NO COMMENTS

LEAVE A REPLY