ദുരിതസമയത്ത് കൂടെ നിന്നതിന്റെ പേരില്‍ പടം കാണില്ല ; മറുപടിയുമായി ടൊവീനോ

നടന്‍ ടൊവീനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ തീവണ്ടിയുടെ പ്രമോഷനവുമായി ബന്ധപ്പെട്ട് താരം ആരാധകനു നല്‍കിയ കിടിലന്‍ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.

‘ദുരിതസമയത്ത് കൂടെ നിന്നതിനു ഒരായിരം നന്ദി പറയുന്നു.. പക്ഷെ അതിന്റെ പേരില്‍ മാത്രം ഈ പടം കാണാന്‍ ഉദ്ദേശിക്കുന്നില്ല (താങ്കളും അത് തീരെ ആഗ്രഹിക്കുന്നില്ല എന്നറിയാം ) നല്ല പടം ആണെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കും’ ഇതായിരുന്നു ടൊവീനോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച തീവണ്ടിയുടെ പോസ്റ്ററിന് താഴെ വന്ന ഒരു കമന്റ്.

അധികം വൈകാതെ തന്നെ കമന്റിന് മറുപടിയുമായി താരം തന്നെയെത്തി. ‘സത്യം, അങ്ങനെയേ പാടുള്ളൂ. സിനിമ വേറെ ജീവിതം വേറെ.’ എന്നായിരുന്നു ടൊവീനോയുടെ കിടിലന്‍ മറുപടി. ഇതിനു പിന്നാലെ താരത്തിന്റെ മറുപടിയെ പ്രശംസിച്ച് നിരവധി ആളുകള്‍ രംഗത്തെത്തി.

പ്രളയബാധിത സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയ സിനിമാ താരങ്ങളില്‍ പ്രധാനിയായിരുന്നു ടൊവീനോ. ക്യാമ്പുകളിലേക്ക് വേണ്ട സഹായങ്ങളെത്തിച്ചും മറ്റും ഓടി നടക്കുന്ന ടൊവീനൊയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ക്യാമ്പുകളിലേക്ക് തന്റെ വണ്ടിയില്‍ ഭക്ഷണ പദാര്‍ഥങ്ങളെത്തിച്ചും അവ സ്വയം ചുമന്നും അദ്ദേഹം വളണ്ടിയര്‍മാര്‍ക്ക് ഊര്‍ജം നല്‍കി. ഇത് കൂടാതെ വളണ്ടിയര്‍മാര്‍ക്ക് പ്രചോദനം നല്‍കുന്ന അദ്ദേഹത്തിന്റെ വിഡിയോയും സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ചിലര്‍
നാട്യങ്ങളില്ലാത്ത നായകനെന്ന്  പോലും ടൊവീനോയെ വിശേഷിപ്പിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി നിരന്തരം സംവദിക്കുന്ന താരങ്ങളിലൊരാളാണ് ടൊവീനോ തോമസ്. ഹിറ്റ് ചിത്രം മറഡോണയ്ക്കു ശേഷമാണ് തീവണ്ടി റിലീസിങിന് ഒരുങ്ങുന്നത്. നാളെ ചിത്രം തിയേറ്ററിലെത്തും.