കോള്‍, ഡാറ്റ സേവനങ്ങള്‍ക്ക് ഇനിയും വലിയ വില കൊടുക്കേണ്ടി വരും; മാറ്റങ്ങളോടെ ട്രായ്

മൊബൈല്‍ കോളിനും ഡേറ്റയ്ക്കും മിനിമം നിരക്കു നിശ്ചയിക്കാന്‍ തയാറാണെന്ന സൂചനയുമായി ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായി). ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള സൗജന്യങ്ങള്‍ പ്രഖ്യാപിക്കാന്‍ ഇതു കമ്പനികള്‍ക്കു തടസമാകും. ഇതോടെ നിരക്കുകള്‍ വീണ്ടും ഉയരാനുള്ള സാധ്യത തെളിയുകയാണ്.

നിരക്ക് നിര്‍ണയത്തില്‍ ഇടപെടില്ലെന്ന മുന്‍ നിലപാട് മാറ്റിയാണ് ട്രായി ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ ഇന്നലെ നടത്തിയ വെളിപ്പെടുത്തല്‍. സാമ്പത്തിക പ്രതിസന്ധിയിലാണെന്ന, ചില ടെലികോം കമ്പനികളുടെ നിലപാടിനൊപ്പിച്ചാണ് പുതിയ സമീപനം.

കോളുകള്‍ക്കും ഡേറ്റയ്ക്കും മിനിമം താരിഫ് നിശ്ചയിക്കുന്നതിനുള്ള ആശയത്തിന് തുറന്ന സൂചനകള്‍ നല്‍കുന്നതാണ് ട്രായിയുടെ നീക്കം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മുന്‍പ് ഫ്‌ലോര്‍ താരിഫ് നിശ്ചയിക്കുന്നതില്‍ ഇടപെടുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഭാരതി എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍ ടെലികോം സെക്രട്ടറിയെ സമ്മര്‍ദ്ദം ചെലുത്തിയതിനു ശേഷമാണ് ട്രായിയുടെ പിന്മാറ്റം.

കഴിഞ്ഞ 16 വര്‍ഷമായി ടെലികോം താരിഫില്‍ കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും തറവില നിശ്ചയിക്കാനുള്ള ടെലികോം കമ്പനികളുടെ പുതിയ ആവശ്യങ്ങള്‍ പരിഗണിക്കുകയാണെന്നും ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മ പറഞ്ഞു. ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ജിയോയുടെ സൗജന്യ വോയ്‌സ് കോളുകളും കുറഞ്ഞ നിരക്കിലുള്ള ഡേറ്റയുമാണ് ടെലികോം മേഖലയെ പ്രതിസന്ധിയിലാക്കിയത്.