മുത്തലാഖ്; രാജ്യത്തെ ആദ്യ അറസ്റ്റ് യു.പിയില്‍ നിന്ന്

ലഖ്‌നൗ: മുത്തലാഖ് വഴി വിവാഹമോചനം നടത്തിയ യുവാവിനെ യു.പിയില്‍ അറസ്റ്റ് ചെയ്തു. മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് മുത്തലാഖ് വഴി വിവാഹ മോചനം തേടിയതിന് അറസ്റ്റുണ്ടായിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. മാല്‍പുര സ്വദേശി തരന്നം ബീഗം എന്ന സ്ത്രീയുടെ പരാതിയില്‍ ഭര്‍ത്താവ് സിക്രു റഹ്മാനെയാണ് അറസ്റ്റ് ചെയ്തത്.

വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷം ഒരുമിച്ചു ജീവിച്ച ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. വിവാഹം കഴിഞ്ഞതു മുതല്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു.

സിക്രു റഹ്മാന്‍ പഠിപ്പിക്കുന്ന മദ്രസയിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതോടെ ആദ്യ ഭാര്യ തരന്നം ബീഗത്തെ മുത്തലാഖ് വഴി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഇവരെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. ഇതോടെ പരാതിയുമായി യുവതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിക്കുകയായിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ ലോക്കല്‍ പൊലീസിനെ ഏല്‍പിച്ചു.

SHARE