പ്രതിഷേധം ശക്തമായി: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പേട്ട പൊലീസെത്തിയാണ് രാധാകൃഷ്ണനെ പ്രസ് ക്ലബില്‍ നിന്നും അറസ്റ്റ് ചെയ്തത്. വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്നു രാവിലെ തൊട്ട് നടത്തിയ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് അറസ്റ്റ്.

തിരുവനന്തപുരത്തെ വനിത മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയതിനാണ് രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് രാധാകൃഷ്ണനെതിരെ വനിത മാധ്യമപ്രവര്‍ത്തക പേട്ട പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പ്രതിഷേധം ശക്തമായതോടെ ഇന്നലെ വീട്ടില്‍ അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍, തടഞ്ഞു വയ്ക്കല്‍ എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. എന്നാല്‍ അറസ്റ്റ് ചെയ്തിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ പ്രസ് ക്ലബില്‍ പ്രതിഷേധവുമായി വനിത മാധ്യമപ്രവര്‍ത്തകര്‍ പ്രസ് സെക്രട്ടറിയുടെ ഓഫീസ് ഉപരോധിക്കുകയും പ്രസ് സെക്രട്ടറിയുടെ മേശപ്പുറത്ത് ചാണകവെള്ളം കുപ്പിയിലാക്കി വയ്ക്കുകയും ചെയ്തിരുന്നു. നെറ്റ്‌വര്‍ക്ക് ഓഫ് വിമണ്‍ ഇന്‍ മീഡിയ എന്ന മാധ്യമക്കൂട്ടായ്മയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. വനിത മാധ്യമക്കൂട്ടായ്മയുടെ പ്രതിഷേധം ശക്തമായതോടെ രാവിലെ പ്രസ് ക്ലബ് ഭാരവാഹികള്‍ യോഗം ചേരുകയും വനിത മാധ്യമപ്രവര്‍ത്തകയുടെ പരാതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തു.

അന്വേഷണം പൂര്‍ത്തിയാവും വരെ എം.രാധാകൃഷ്ണനെ പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്താനും തീരുമാനിച്ചു. എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാന്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാവാതെ വന്നതോടെയാണ് രാധാകൃഷ്ണന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. അതേസമയം രാധാകൃഷ്ണന്റെ അറസ്റ്റിന് ശേഷവും ഇയാളെ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്.

SHARE