ട്രംപും കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലേക്ക് ഉറ്റുനോക്കി ലോകം; ആണവ നിരായുധീകരണം ചര്‍ച്ചയാവും

സിംഗപ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലേക്ക് ഉറ്റുനോക്കി ലോക രാഷ്ട്രങ്ങള്‍. ചൊവ്വാഴ്ചയാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നാണ് വിവരങ്ങള്‍. അതിനിടെ ഉച്ചകോടിയുടെ അജണ്ട ഔദ്യോഗികമായി തീരുമാനിക്കപ്പെട്ടെന്നാണ് വിവരം.

സമാധാനവും ഉത്തരകൊറിയന്‍ ആണവ നിരായുധീകരണവുമാകും പ്രധാന ചര്‍ച്ചാവിഷയങ്ങളെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കിമ്മിനൊപ്പം വിദേശകാര്യമന്ത്രി റി യോംഗ് ഹോ, പ്രതിരോധമന്ത്രി നോ ക്വാംഗ് ചോല്‍ എന്നിവരുണ്ടാകുമെന്നും സ്ഥിരീകരണമായി. കമ്മിന്റെ സഹോദരിയും ഒപ്പമുണ്ടാകുമെന്ന് വാര്‍ത്തകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചിട്ടില്ല.

ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍ പ്രതിനിധികളും സിംഗപ്പൂരിലെത്തിയിട്ടുണ്ട്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിലെ മധ്യസ്ഥന്റെ റോളിലാകും ദക്ഷിണകൊറിയന്‍ പ്രതിനിധികള്‍ പ്രവര്‍ത്തിക്കുക. എന്നാല്‍ ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണമില്ല.