കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പൊലീസുകാരനെ വെടിവെച്ചു കൊന്നു

തിരുവനന്തപുരം: കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവെച്ചു കൊന്നു. തമിഴ്‌നാടിന്റെ ഭാഗമായ കളിയിക്കാവിള സ്റ്റേഷനിലെ എ.എസ്.ഐ വില്‍സണിനെയാണ് രണ്ടംഗ സംഘം വെടിവെച്ചു കൊലപ്പെടുത്തിയത്. പ്രതികള്‍ കേരളത്തിലേക്ക് കടന്നെന്ന സംശയത്തില്‍ കേരള പൊലീസും അന്വേണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് വെടിവയ്പുണ്ടായത്. അതിര്‍ത്തിയിലെ ചെക് പോസ്റ്റില്‍ ഡ്യൂട്ടിക്ക് നില്‍ക്കുകയായിരുന്നു വില്‍സണ്‍. റോഡിലൂടെ നടന്നുവന്ന സംഘം വെടിയുതിര്‍ക്കുകയായിരുന്നു. നാല് തവണ വെടിയുതിര്‍ത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ അക്രമികള്‍ ഓടി രക്ഷപെടുകയും ചെയ്തു. വില്‍സണെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനകം മരിച്ചു. നാല് മാസം കഴിഞ്ഞാല്‍ വിരമിക്കാനിരിക്കെയാണ് മാര്‍ത്താണ്ഡം സ്വദേശിയായ വില്‍സന്റെ ദാരുണാന്ത്യം.

കന്യാകുമാരി കലക്ടറും എസ്പിയും ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. അടുത്തിടെ നടന്ന ഒരു കൊലപാതക കേസിലെ പ്രതിയായ രാജ് കുമാറാണ് അക്രമത്തിന് പിന്നിലെന്ന് സംശയമുണ്ട്. രാജ്കുമാര്‍ കേരളത്തിലെക്ക് കടന്നതായും സൂചനയുണ്ട്. അക്രമികള്‍ സഞ്ചരിച്ചതെന്നു കരുതുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തമിഴ്‌നാട് പൊലീസ് കേരളത്തിന് കൈമാറി. ഇതനുസരിച്ച് കര്‍ശന പരിശോധന തുടരുകയാണ്.

SHARE