ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടത്തിയ രാഷ്ട്രം യു.എ.ഇ- യു.എസിനും യു.കെയ്ക്കും ജര്‍മനിക്കും മുമ്പില്‍

ദുബൈ: ആഗോള തലത്തില്‍ ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടത്തിയത് യു.എ.ഇയില്‍. ജൂണ്‍ രണ്ടിലെ വേള്‍ഡോമീറ്ററിന്റെ കണക്കു പ്രകാരം പത്തു ലക്ഷം പേരില്‍ 2,13601 പേരെയാണ് യു.എ.ഇ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. റഷ്യയാണ് ഇതില്‍ രണ്ടാം സ്ഥാനത്ത് പത്തു ലക്ഷം പേരില്‍ റഷ്യ പരിശോധനയ്ക്ക് വിധേയമാക്കിയത് 74,852 പേരെ.

യു.കെ, യു.എസ്.എ, ജര്‍മനി, ദക്ഷിണ കൊറിയ, ഇന്ത്യ, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങളെ പിന്തള്ളിയാണ് യു.എ.ഇ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ചത്. യു.കെയില്‍ പത്തു ലക്ഷം പേരില്‍ 63,158 പേര്‍ക്കാണ് പരിശോധന നടത്തിയത്. ലക്ഷത്തിലേറെ പേര്‍ മരിക്കുകയും 18 ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധിക്കുകയും ചെയ്ത യു.എസില്‍ ഇത് 54,859 ആണ്. ജര്‍മനിയില്‍ 47,192 ഉം.

ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയില്‍ പരിശോധന മുവ്വായിരത്തില്‍ താഴെയാണ്. പത്തു ലക്ഷം പേരില്‍ ശരാശരി 2876 പേര്‍. ജപ്പാനില്‍ ഇത് 2313 ആണ്.

ഗ്രാഫിക്സ് കടപ്പാട്- ഖലീജ് ടൈംസ് എഫ്.ബി പേജ്

കോവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് പരിശോധന ശക്തമാക്കിയത് എന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 596 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 35,788 ലേറെ പേരാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമായത്. ഇതുവരെ 269 പേരാണ് മരണത്തിന് കീഴടങ്ങിയത്. 388 പേര്‍ രോഗമുക്തരാകുകയും ചെയ്തു. ഇതുവരെ 18,726 പേര്‍ക്ക് രോഗമുക്തി കൈവന്നിട്ടുണ്ട്.

നാളെ മുതല്‍ സ്വകാര്യ മേഖലയിലെ വ്യാപാര കേന്ദ്രങ്ങള്‍ക്കും മാളുകള്‍ക്കും മുഴുവന്‍ തൊഴില്‍ശേഷിയോട് കൂടി തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. രാവിലെ ആറു മുതല്‍ രാത്രി പതിനൊന്നു വരെയാണ് പ്രവര്‍ത്തന സമയം.

SHARE