വര്‍ഗ്ഗീയ കലാപം: കേന്ദ്രമന്ത്രിയുടെ മകന്‍ അറസ്റ്റില്‍

പട്‌ന: വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അശ്വനി ചൗബയുടെ മകന്‍ അര്‍ജിത്ത് ശാശ്വന്ത് അറസ്റ്റില്‍. ബീഹാറില്‍ നടന്ന വര്‍ഗീയ കലാപത്തിന് വഴിയൊരുക്കിയെന്ന് ആരോപിച്ചാണ് ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അര്‍ജിത് ഹര്‍ജി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും ഹര്‍ജി കോടതി തള്ളുകയായിരുന്നു. ഇന്ന് അര്‍ജിതിനെ ഭഗല്‍പൂര്‍ കോടതിയില്‍ ഹാജരാക്കും.

പൊലീസ് അനുമതിയില്ലാതെയാണ് കഴിഞ്ഞ മാര്‍ച്ച് 17ന് അര്‍ജിത് രാമനവമി ഘോഷയാത്ര നടത്തിയത്. ഘോഷയാത്രയില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു പറയുകയും ചെയ്തിരുന്നു. ഈ ഘോഷയാത്രയും മുദ്രാവാക്യങ്ങളുമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് സംഘര്‍ഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടി വ്യാപിക്കുകയായിരുന്നു. ഇയാള്‍ പൊലീസില്‍ സ്വയം കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ അര്‍ജിത്തിന്റെ അറസ്റ്റിനായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.