ഡിജിറ്റല്‍ അധ്യാപന രീതികളെ എതിര്‍ത്ത് സി.പി.എം പോളിറ്റ് ബ്യൂറോ; വന്‍ദുരന്തങ്ങള്‍ക്ക് വഴിവെക്കുമെന്ന് യെച്ചൂരി

Chicku Irshad

ന്യൂഡല്‍ഹി: ലോക്ക്ഡൗണിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കാത്ത ഡിജിറ്റല്‍ വിദ്യാഭ്യാസ രീതികള്‍കൊണ്ടുവരുന്നതിനെതിരെ സി.പി.എം. പോളിറ്റ് ബ്യൂറോ. കേരളത്തില്‍ ദൃതികൂട്ടി നടപ്പിലാക്കിയ ഓണ്‍ലൈന്‍ പാഠ്യരീതില്‍ ഒരു വിദ്യാര്‍ത്ഥിയുടെ ജീവന്‍ പൊലിഞ്ഞിരിക്കെയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഡിജിറ്റല്‍ അധ്യാപന രീതികളെ എതിര്‍ത്ത് പോളിറ്റ് ബ്യൂറോ രംഗത്തെത്തിയിരിക്കുന്നത്.

ഡിജിറ്റല്‍ അധ്യാപനം/വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കുന്നതിലൂടെ കേന്ദ്രം പിന്തിരിപ്പന്‍ വിദ്യാഭാസ സമ്പ്രദായം നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് ഇന്ന് പുറത്തുവിട്ട പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എല്ലാവര്‍ക്കും ലഭ്യമല്ലാത്ത ഡിജിറ്റല്‍ വിദ്യാഭ്യാസം നടപ്പാക്കുന്നത് വന്‍ദുരന്തങ്ങള്‍ക്ക് വഴിവെക്കുമെന്ന് പോളിറ്റ്ബ്യൂറോ തീരുമാനങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന ഡിജിറ്റല്‍ വിഭജനം നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ പദ്ധതിയില്‍ അടിച്ചേല്‍പ്പിക്കരുത്. പരമ്പരാഗത സ്‌കൂള്‍ കോളേജ് വിദ്യാഭ്യാസരീതികള്‍ക്ക് പകരം വെയ്ക്കുന്നതാകരുത് ഡിജിറ്റല്‍ വിദ്യാഭ്യാസമെന്നും പാര്‍ട്ടി അതെല്ലാ കാലത്തും എതിര്‍ത്തിട്ടുള്ളതാണെന്നും അത് ഇനിയും തുടരുമെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറയുന്നു.

അധ്യയന വര്‍ഷം അവസാനിക്കുമ്പോഴും പരീക്ഷകള്‍ നടക്കാനിരിക്കുമ്പോഴാണ് രാജ്യത്ത് ലോക്ക്്ഡൗണ്‍ വന്നത്. ഇത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഇത് പുതുതലമുറയുടേയും നമ്മുടെ രാജ്യത്തിന്റെ ഭാവിയെയുമാണ് തടസ്സപ്പെടുത്തുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ അതിന്റെ പിന്തിരിപ്പന്‍ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. പാര്‍ലമെന്റ് അംഗീകരിക്കാത്തതെയാണ് ഡിജിറ്റല്‍ അധ്യാപന / പഠന രീതികള്‍ അടിച്ചേല്‍പ്പിക്കുന്നതും. ഇന്ത്യയുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന ഡിജിറ്റല്‍ വിഭജനം നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അമിതമായി അടിച്ചേല്‍പ്പിക്കരുതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

മഹാമാരിയുടെയും അതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളുടെയും കാലത്ത് അധ്യയനവര്‍ഷം ഭംഗപ്പെടരുത് എന്ന ഉദ്ദേശത്തിലാകാം ഒരുപക്ഷേ ഡിജിറ്റല്‍ രീതികള്‍ ഉപയോഗിച്ചത്. എന്നാല്‍ ഇതൊരിക്കലും ഒരു പകരംവെയ്ക്കലാകരുത്. എല്ലാ വിദ്യാര്‍ഥികള്‍ക്കും സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിക്കാനാകുന്ന ഘട്ടത്തില്‍ മാത്രമേ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലേക്ക് ചുവടു മാറ്റാന്‍ പാടുള്ളൂ. വിദ്യാഭ്യാസത്തിലുണ്ടാക്കുന്ന എല്ലാ ഡിജിറ്റല്‍ വിഭജനത്തെയും പാര്‍ട്ടി എതിര്‍ക്കുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അക്കാദമിക് സെഷനുകള്‍ പുനഃക്രമീകരിക്കണം, അങ്ങനെ ചെയ്താല്‍ സാധാരണ രീതിയില്‍ പരീക്ഷകള്‍ നടത്താന്‍ സാധിക്കും, വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാവുകയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.