ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

പൊലീസ് കസ്റ്റഡിയില്‍ മരിച്ച ഉന്നാവ് ബലാത്സംഗക്കേസിലെ പെണ്‍കുട്ടിയുടെ അച്ഛനെ ചികിത്സിച്ച ഡോക്ടര്‍ ഡോ. പ്രശാന്ത് ഉപാദ്ധ്യായ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ശ്വാസ തടസമുണ്ടാവുകയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു എന്നുമാണ് റിപ്പോര്‍ട്ട്. പൊലീസ് കസ്റ്റഡിയില്‍ പരിക്കേറ്റ ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛനെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇദ്ദേഹം വിട്ടയച്ചിരുന്നു. അതിന് ശേഷമാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചത്.

2018ഏപ്രില്‍ 03ന് അമ്മയുടെ ഹര്‍ജി കോടതി പരിഗണിച്ച ദിവസം, കുടുംബത്തോടൊപ്പം കോടതിയിലേക്ക് വരുകയായിരുന്ന പെണ്‍കുട്ടിയുടെ അച്ഛനെ എംഎല്‍എയുടെ സഹോദരന്‍ അതുല്‍ സിങും കൂട്ടാളികളും മര്‍ദ്ദിച്ചവശനാക്കി പൊലീസിനു കൈമാറുകയായിരുന്നു. ഏപ്രില്‍ 08 ന് ലഖ്‌നൗവില്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തി. ഇതോടെയാണ് കേസ് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഏപ്രില്‍ 09 നാണ് പൊലീസ് തടവിലിരിക്കെ പെണ്‍കുട്ടിയുടെ അച്ഛന്‍ ആശുപത്രിയില്‍ മരിച്ചത്. കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന് കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു.

SHARE