യു.പി ഉപതെരഞ്ഞെടുപ്പ്: എസ്.പിക്ക് ഉജ്ജ്വല ജയം

ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നൊരുക്കമായി ഉപതെരഞ്ഞെടുപ്പിനിറങ്ങിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ഉത്തര്‍പ്രദേശിലെ രണ്ട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്തും എസ്.പി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഫുല്‍പൂരില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി നാഗേന്ദ്ര പട്ടേല്‍ 59,613 വോട്ടുകള്‍ക്ക് വിജയിച്ചു. ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗൊരഖ്പൂരിലും എസ്.പി സ്ഥാനാര്‍ഥി വിജയിച്ചു. അപ്രതീക്ഷിത തിരിച്ചടിയുടെ ഞെട്ടലിലാണ് ബി.ജെ.പി കേന്ദ്രങ്ങള്‍. സുഗമമായി ജയിച്ചുകയറാമെന്ന ബി.ജെ.പിയുടെ മോഹമാണ് ഇരു മണ്ഡലങ്ങളിലും തകര്‍ന്നടിഞ്ഞത്.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പിക്കെതിരായ ജനരോഷമാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ആരാണോ ബി.ജെ.പിക്കെതിരെ ജയിക്കാന്‍ സാധ്യതതയുള്ളത് അവര്‍ക്കാണ് വോട്ട് എന്ന നിലപാടിലേക്ക് ജനങ്ങള്‍ മാറിയത് പുതുപ്രതീക്ഷയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

SHARE