യുപിയിലെ കൊടുംകുറ്റവാളിയെ തിരിച്ചറിഞ്ഞത് സെക്യൂരിറ്റി; വികാസ് ദുബെയെ പിടികൂടിയത് ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍

ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെ മധ്യപ്രദേശിലെ ഉജ്ജയ്നില്‍ അറസ്റ്റില്‍. എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ദുബെ ആറ് ദിവസനായി പോലീസിനെ വെട്ടിച്ച് ഒളിവിലായിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ പ്രശസ്ത മഹാകല്‍ ക്ഷേത്രത്തിലേക്ക് ദുബെ പോകുമ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡ് തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. വ്യാഴാഴ്ച കൂട്ടാളികളായ രണ്ടു പേരെ കൂടി പോലീസ് വധിച്ചതിന് പിന്നാലെയാണ് വികാസ് ദുബെ മധ്യപ്രദേശില്‍ പിടിയിലായത്.

ഉത്തര്‍പ്രദേശിലും പുറത്തുമായി വികാസ് ദുബെക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെ കൂട്ടാളികളായ ചിലരെ പോലീസ് അറസ്റ്റ് ചെയ്തു. ചിലര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയുമുണ്ടായി. വ്യാഴാഴ്ച രാവിലെ ദുബെയുടെ സംഘത്തില്‍പ്പെട്ട രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. വികാസ് ദുബെയുടെ ഏറ്റവും അടുത്ത കൂട്ടാളിയായ അമര്‍ ദുബെയും കഴിഞ്ഞ ദിവസം പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഇട്ടാവയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്‍ബീര്‍ എന്നയാളെ പോലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. പോലീസ് സംഘത്തിന് നേരേ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് രണ്‍ബീറിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കാറും ഡബിള്‍ ബാരല്‍ തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു.

ഇതിന് പിന്നാലെയാണ് ഇന്ന് മധ്യപ്രദേശിലെ ഉജ്ജൈനില്‍ പ്രശസ്ത മഹാകല്‍ ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ വികാസ് ദുബെയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. ”അയാള്‍ തന്റെ വ്യക്തിത്വം ഏറ്റുപറഞ്ഞതായും. പിന്നാലെ പോലീസിനെ വിവരം അറിയിച്ചു, ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു, ചോദ്യം ചെയ്യല്‍ നടക്കുന്നു, ”ഉജ്ജൈന്‍ കളക്ടര്‍ ആശിഷ് സിംഗ് ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തന്നെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ വികാസ് ദുബെയും കൂട്ടാളികളും ആക്രമിച്ചത്. ഡിഎസ്പി അടക്കം എട്ട് പോലീസുകാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ സംഭവത്തിന് പിന്നാലെ വികാസ് ദുബെ ഒളിവില്‍പോവുകയായിരുന്നു.