പൗരത്വ ഭേദഗതി ഇന്ത്യന്‍ മുസ്‌ലിംകളെ രണ്ടാംകിട പൗരന്മാരാക്കാനുള്ള ശ്രമം: ആന്‍ഡ്രെ കാഴ്‌സണ്‍

വാഷിംഗ്ടണ്‍: ഇന്ത്യയിലെ ന്യൂനപക്ഷ മുസ്‌ലിംകളെ രണ്ടാംകിട പൗരന്മാരാക്കാനുള്ള ശ്രമമാണ് പൗരത്വ ഭേദഗതി ബില്ലെന്ന് അമേരിക്കയിലെ ഇന്ത്യാനയില്‍ നിന്നുള്ള മുസ്ലിം കോണ്‍ഗ്രസ് പ്രതിനിധി ആന്‍ഡ്രെ കാഴ്‌സണ്‍. പൗരത്വ ഭേദഗതി ബില്‍ എംപിമാര്‍ പാസാക്കിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറ്റൊരു മുഖം നാം കണ്ടുവെന്ന് കാഴ്‌സണ്‍ പറഞ്ഞു. എന്നിരുന്നാലും, ബിജെപിയുടെ ചരിത്രവും വര്‍ഗീയതയുമായുള്ള ബന്ധവും കണക്കിലെടുക്കുമ്പോള്‍ ഈ നടപടി അപ്രതീക്ഷിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യയിലെ വിവാദ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ ശേഷമാണ് കാഴ്‌സണ്‍ ഈ പ്രസ്താവന നടത്തിയത്. ജമ്മു കശ്മീരില്‍ നിന്ന് പ്രത്യേക പദവി പിന്‍വലിക്കുന്നതിലും കാഴ്‌സണ്‍ ആശങ്ക പ്രകടിപ്പിച്ചു.
ഓഗസ്റ്റ് 5 ന് ഇന്ത്യന്‍ പ്രധാനമന്ത്രി ജമ്മു കശ്മീരില്‍ നിന്ന് പ്രത്യേക സംസ്ഥാന പദവി പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കശ്മീരിന്റെ ഭാവിയില്‍ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് കാഴ്‌സണ്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സര്‍ക്കാര്‍ കശ്മീര്‍ ജനതയുടെ ജനാധിപത്യ ഇച്ഛയെ അവഗണിക്കുകയും, ഇന്ത്യന്‍ ഭരണഘടനയുടെ സമ്പന്നമായ പാരമ്പര്യത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉന്നയിക്കേണ്ടി വരുന്നത്.
‘ഇപ്പോള്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതോടെ പ്രധാനമന്ത്രിയുടെ മറ്റൊരു മാരകമായ നീക്കമാണ് ഞങ്ങള്‍ കണ്ടത്. എന്നിരുന്നാലും, മോദിയുടെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ചരിത്രവും വര്‍ഗീയതയുമായുള്ള ബന്ധവും കണക്കിലെടുക്കുമ്പോള്‍ ഈ നടപടി അപ്രതീക്ഷിതമല്ല. ന്യൂനപക്ഷ മുസ്ലിംകളെ ഇന്ത്യയിലെ രണ്ടാം ക്ലാസ് പൗരനാക്കാനുള്ള മറ്റൊരു ശ്രമമാണ് ഈ നടപടി’ കാഴ്‌സ്ണ്‍ പറഞ്ഞു.
നേരത്തെ, ലോക്‌സഭ ബില്‍ പാസാക്കുന്നതിനുമുമ്പ്, യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍ (ഠവല ഡ.ട. ഇീാാശശൈീി ീി കിലേൃിമശേീിമഹ ഞലഹശഴശീൗ െഎൃലലറീാ (ഡടഇകഞഎ) ബില്ലിനെ ‘തെറ്റായ ദിശയിലേക്കുള്ള അപകടകരമായ നീക്കം’ എന്ന് വിശേഷിപ്പിക്കുകയും, മതപരമായ മാനദണ്ഡങ്ങളുള്ള ഈ ബില്‍ നിയമമായി മാറ്റാന്‍ മുന്‍കൈ എടുത്ത ഇന്ത്യന്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മറ്റ് ഇന്ത്യന്‍ നേതാക്കള്‍ക്കുമെതിരെ വിലക്കേര്‍പ്പെടുത്താന്‍ യു എസ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും കാഴ്‌സന്‍ പറഞ്ഞു.
എന്നാല്‍, യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്റെ വിമര്‍ശനാത്മക പരാമര്‍ശങ്ങളെ അപലപിക്കാതെ, വിദേശകാര്യ മന്ത്രാലയം വക്താവ് രവിഷ് കുമാര്‍, അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അമേരിക്കന്‍ സ്ഥാപനത്തിന്റെ കാഴ്ചപ്പാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും, അവരുടെ അധികാര പരിധിയില്ലാത്ത ഒരു വിഷയത്തെക്കുറിച്ചുള്ള മുന്‍വിധി ന്യായീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള പാര്‍ലമെന്റ് ചര്‍ച്ചകള്‍ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായിരിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ യൂഗോ അസ്റ്റുറ്റോ പറഞ്ഞു.

SHARE