ലോകം കോവിഡ് ഭീതിയില്‍ നില്‍ക്കുമ്പോള്‍ രഹസ്യ പേടകം വിക്ഷേപിച്ച് അമേരിക്ക

വാഷിങ്ടണ്‍: മാനവലോകമൊന്നാകെ കൊറോണ വൈറസിനെതിരെയുള്ള പൊരാട്ടം തുടരുന്നതിനിടെ നിഗൂഢലക്ഷ്യവുമായി അമേരിക്കുന്ന രഹസ്യപേടകം ബഹിരാകാശത്തേക്ക്. യു.എസ് വ്യോമസേനയുടെ രഹസ്യ പേടകം അറ്റ്‌ലസ് വി റോക്കറ്റ് വഴിയാണ് വിക്ഷേപിച്ചത്. യു.എസ് സേനയുടെ രഹസ്യ ദൗത്യത്തിനായുള്ള എക്‌സ് -37 ബി ബഹിരാകാശ വിമാനമാണ് ഭ്രമണപഥത്തിലെത്തിയത്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് ശനിയാഴ്ച്ച വിക്ഷേപിക്കാനുള്ള പ്ലാനുകള്‍ നിര്‍ത്തിവച്ചിരുന്നു. പിന്നീട് കേപ് കനാവറലില്‍ നിന്ന് ഞായറാഴ്ചയാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഓര്‍ബിറ്റല്‍ ടെസ്റ്റ് വെഹിക്കിള്‍ (ഒടിവി) എന്നറിയപ്പെടുന്ന ഈ വിമാനം ഒരു ഉപഗ്രഹത്തെ ഭ്രമണപഥത്തിലേക്ക് വിന്യസിക്കുകയും പവര്‍-ബീമിങ് സാങ്കേതികവിദ്യ പരീക്ഷിക്കുകയും ചെയ്യും.

ബഹിരാകാശത്തെ എക്‌സ് -37 ബി വിമാനത്തിന്റെ ആറാമത്തെ ദൗത്യമാണിത്. മുന്‍നിര തൊഴിലാളികള്‍ക്കും കൊറോണ വൈറസ് പകര്‍ച്ചവ്യാധി ബാധിച്ചവര്‍ക്കുമായി വിക്ഷേപണം സമര്‍പ്പിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. റോക്കറ്റിന്റെ പേലോഡ് ഫെയറിങില്‍ ‘അമേരിക്ക സ്‌ട്രോങ്’ എന്ന സന്ദേശം ചേര്‍ത്തിട്ടുണ്ട്.

എക്‌സ് -37 ബി അമേരിക്കയുടെ ഒരു രഹസ്യ പ്രോഗ്രാം ആണ്. ഇതേക്കുറിച്ച് വളരെക്കുറച്ചേ പുറംലോകത്തിന് അറിയൂ. ഡ്രോണ്‍ ദൗത്യങ്ങളെക്കുറിച്ചും കഴിവുകളെക്കുറിച്ചും വളരെ കുറച്ച് വിശദാംശങ്ങള്‍ മാത്രമാണ് പെന്റഗണ്‍ വെളിപ്പെടുത്തിയിട്ടുളളത്. ആറാം ദൗത്യത്തിലെ എക്‌സ് -37 ബി മറ്റേതൊരു മുന്‍കാല ദൗത്യങ്ങളേക്കാളും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്ന് വ്യോമസേന സെക്രട്ടറി ബാര്‍ബറ ബാരറ്റ് പറഞ്ഞു.

SHARE