ഇന്ത്യാ സന്ദര്‍ശനം; സി.എ.എ, കശ്മീര്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ട്രംപിന് യു.എസ് സെനറ്റര്‍മാരുടെ കത്ത്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി കശ്മീരിലെ പ്രശ്‌നങ്ങളും പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങളും ചൂണ്ടിക്കാണിച്ച് നാല് യുഎസ് സെനറ്റര്‍മാര്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയ്ക്ക് കത്തെഴുതി. കശ്മീരില്‍ ആറ് മാസത്തിലധികമായി രാഷ്ട്രീയ നേതാക്കള്‍ തടവില്‍ കഴിയുന്ന ഗുരുതരമായ സ്ഥിതിവിശേഷം കത്തില്‍ സെനറ്റര്‍മാര്‍ ചൂണ്ടിക്കാണിച്ചു. ഇതോടൊപ്പം രാജ്യത്ത് പടര്‍ന്നുപിടിച്ച പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭവും സെനറ്റര്‍മാര്‍ കത്തിലുന്നയിച്ചിട്ടുണ്ട്.

നാല് മുതിര്‍ന്ന സെനറ്റര്‍മാരാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയ്ക്ക് കത്തെഴുതിയത്. ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നീ മുന്‍ മുഖ്യമന്ത്രിമാരുള്‍പ്പെടുന്ന നേതാക്കളെ യാതൊരു വിധത്തിലുള്ള വിചാരണയും കൂടാതെയാണ് ഭരണകൂടം തടവില്‍വച്ചിരിക്കുന്നതെന്ന് കത്ത് ചൂണ്ടിക്കാട്ടി.

മേഖലയില്‍ ഇപ്പോഴും ഇന്റര്‍നെറ്റിന് വിലക്കുള്ളതായും സെനറ്റര്‍മാര്‍ കത്തില്‍ പറഞ്ഞു. ഒരു ജനാധിപത്യ രാജ്യത്ത് ഇന്ന് വരെയുണ്ടായിട്ടുള്ളതില്‍ ഏറ്റവും ദീര്‍ഘമായ ഇന്റര്‍നെറ്റ് ലഭ്യത തടയലാണിത്. 70 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് രോഗശുശ്രൂഷാ സൗകര്യം പോലും ലഭിക്കുന്നില്ല. സംസ്ഥാനത്ത് കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെട്ടു. നൂറുകണക്കിന് കശ്മീരികള്‍ ഇപ്പോഴും കരുതല്‍ തടങ്കലിലാണ്. ഇവരില്‍ രാഷ്ട്രീയക്കാരും ബിസിനസുകാരുമുണ്ട്. ഈ നടപടികള്‍ വലിയ പ്രത്യാഘാതങ്ങളാണ് വിളിച്ചുവരുത്തുകയെന്നും സെനറ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

കശ്മീരില്‍ 370ാം വകുപ്പ് പിന്‍വലിച്ചതിനെത്തുടര്‍ന്ന് രാഷ്ട്രീയ കാരണങ്ങളാല്‍ എത്ര പേരെയാണ് സര്‍ക്കാര്‍ തടങ്കലിലാക്കിയിരിക്കുന്നതെന്നത് സംബന്ധിച്ച് യുഎസ് ഭരണകൂടം 30 ദിവസത്തിനുള്ളില്‍ ഒരു വിലയിരുത്തല്‍ നടത്തണമെന്നും സെനറ്റര്‍മാര്‍ കത്തില്‍ ആവശ്യപ്പെടുന്നു. ചില ന്യൂനപക്ഷ മത വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് ഭീഷണിയുള്ളതും രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിന് കളങ്കം വരുത്തുന്നതുമായ നടപടികളും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പൗരത്വ ഭേദഗതി നിയമം പാസാക്കിയത് ഉള്‍പ്പടെയുള്ള കാര്യങ്ങളാണിതെന്നും കത്തില്‍ പറയുന്നു.