അമേരിക്കയിലെ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കണമെന്ന് ട്രംപ്


അമേരിക്കയിലെ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കണമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇത് സംബന്ധിച്ച് സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് അദ്ദേഹം ഉത്തരവ് നല്‍കി. ആരാധനാലയങ്ങള്‍ വേഗത്തില്‍ ആരാധനയ്ക്കായി തുറക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.

അമേരിക്കന്‍ ജനതയെ ഒരുമിച്ച് നിര്‍ത്തുന്ന ഇടങ്ങളാണ് ആരാധനാലയങ്ങളെന്നും ഈ ആഴ്ചയുടെ അവസാനം തന്നെ അവ വീണ്ടും തുറക്കാന്‍ ഗവര്‍ണര്‍മാര്‍ അനുമതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ താന്‍ അധികാരം പ്രയോഗിക്കുമെന്നും ട്രംപ്. പള്ളികള്‍, മോസ്‌ക്കുകള്‍, സിനഗോഗുകള്‍ എന്നിവ അവശ്യ സേവനങ്ങളില്‍ പെടുന്നതാണെന്നും അദ്ദേഹം വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. കൂടാതെ കൊവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി ദേശീയ പതാക മൂന്ന് ദിവസം താഴ്ത്തി കെട്ടാനും ട്രംപ് ഉത്തരവിട്ടിരുന്നു.

SHARE