കൊറോണ രാമന്‍ നോക്കിക്കോളും; രാമനവമി ഒഴിവാക്കില്ലെന്ന് യോഗി സര്‍ക്കാര്‍

ലക്‌നൗ: കൊവിഡ് 19 രാജ്യവ്യാപകമായി പടരുന്നതിനിടെ രാമനവമി ഒഴിവാക്കില്ലെന്ന് ആവര്‍ത്തിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ ആരോഗ്യവിദഗ്ധരടക്കം രാമനവമി മേള ഒഴിവാക്കണമെന്നാവശ്യപ്പെട്ടിട്ടും തീരുമാനത്തില്‍ മാറ്റമില്ലെന്ന് യോഗി സര്‍ക്കാര്‍ അറിയിച്ചു. കൊറോണ വൈറസിന്റെ കാര്യം രാമന്‍ നോക്കിക്കോളുമെന്നാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പറയുന്നത്. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ രണ്ട് വരെയാണ് മേള നടക്കുന്നത്.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ മേളയ്ക്ക് പ്രാധാന്യം ഉണ്ടെന്നാണ് ആദിത്യനാഥ് സര്‍ക്കാര്‍ പറയുന്നത്. രാമനവമി മേള ഒഴിവാക്കിയാല്‍ ഒരുപാട് ഹിന്ദുമതവിശ്വാസികളുടെ വികാരം വ്രണപ്പെടും. മാത്രമല്ല ഈ വര്‍ഷത്തെ ആഘോഷം നിര്‍ണായകമാണ്. ഇതാദ്യമായി ഭഗവാന്‍ രാമന്‍ സ്വതന്ത്രനായിരിക്കുകയാണെന്നും അയോധ്യ നിവാസിയായ മഹന്ത് പരമഹംസന്‍ ഡെക്കാണ്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

വിശ്വാസികള്‍ക്ക് ഒരു ബുദ്ധിമുട്ടും വരാതെ രാമന്‍ നോക്കിക്കോളുമെന്നും മേള സുരക്ഷിതമായിരിക്കാന്‍ യജ്ഞങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മേള നടത്തരുതെന്നാവശ്യപ്പെട്ട് അയോധ്യയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്.

SHARE