ഉത്ര വധക്കേസില്‍ വന്‍ വഴിത്തിരിവ്, സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍ അമ്മയും സഹോദരിയും ഉടന്‍ അറസ്റ്റിലായേക്കും

ഉത്രവധക്കേസില്‍ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും. ഇരുവരോടും ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു.

ഉത്രയുടെ 38 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തിലാണ് കണ്ടെത്തിയത്.സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് സ്വര്‍ണം കാണിച്ചുകൊടുത്തത്. ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടതില്‍ അമ്മയ്ക്കും പങ്കുണ്ടെന്ന് സൂരജിന്റെ പിതാവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്നാണു സൂചന. അമ്മയും സഹോദരിയും ഉടന്‍ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തും. ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിനു കേസെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ അറസ്റ്റ് ഉണ്ടാകുമെന്നാണു സൂചന.

ഉത്രയുടെ കൂടുതല്‍ സ്വര്‍ണം കണ്ടെത്താനുണ്ടെന്ന് പിതാവ് വിജയസേനന്‍ പ്രതികരിച്ചു. സ്വര്‍ണം കുഴിച്ചിട്ടതിലടക്കം സൂരജിന്റെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടെന്നും എല്ലാം സൂരജിന്റെ അമ്മയുടെയും സഹോദരിയുടെയും അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു.

SHARE