ഡോക്ടര്‍മാരുടെ മൊഴി കുരുക്കായി; സൂരജിന്റെ അമ്മയെ വീണ്ടും ചോദ്യം ചെയ്യും

കൊല്ലം: ഉത്ര വധക്കേസില്‍ സൂരജിന്റെ അമ്മ രേണുകയെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി പ്രത്യേക ചോദ്യാവലി തയാറാക്കി. മുന്‍പു പലതവണ സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കുടുംബാംഗങ്ങള്‍ക്കെതിരെ കേസുണ്ട്. അതേ സമയം, സൂരജിനെതിരെ അന്വേഷണ സംഘത്തിന് നിര്‍ണായകമായ മൊഴികള്‍ ലഭിച്ചു. പാമ്പു കടിയേറ്റ ഉത്രയെ ചികില്‍സിച്ച ഡോക്ടര്‍മാരാണ് സൂരജിനെതിരെ മൊഴി നല്‍കിയത്.

പാമ്പിനെ വിലയ്ക്കു വാങ്ങിയതിനും തല്ലിക്കൊന്നതിനും സൂരജിനെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. പാമ്പിനെ അതിന്റെ ആവാസ വ്യവസ്ഥയില്‍ നിന്നു പിടിക്കുകയും വില്‍ക്കുകയും ചെയ്തതിന് രണ്ടാം പ്രതി സുരേഷിനെതിരെയും കേസുണ്ട്. റിമാന്‍ഡിലുള്ള ഇരുവരെയും കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന വനം വകുപ്പിന്റെ അപേക്ഷ പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു. ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജും ഇയാളുടെ അച്ഛന്‍ സുരേന്ദ്രനും പാമ്പ് പിടുത്തക്കാരന്‍ സുരേഷുമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

SHARE