പാമ്പുകളെ കൈകാര്യം ചെയ്യാന്‍ സൂരജിന് പരിശീലനം നല്‍കിയതാര്?; സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്

അഞ്ചലില്‍ ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. സൂരജിന് പാമ്പുകളെ കൈകാര്യം ചെയ്യാന്‍ എവിടെ നിന്നാണ് പരിശീലനം ലഭിച്ചതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. യൂട്യൂബില്‍ നോക്കിയാണ് പഠിച്ചതെന്ന സൂരജിന്റെ മൊഴി പൂര്‍ണമായി മുഖവിലയ്ക്ക് എടുക്കേണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

മുന്‍പ് ഉത്രയെ കടിപ്പിച്ച അണലിയെ എടുത്തു പുറത്തു കളഞ്ഞതും വീട്ടില്‍ കണ്ടെത്തിയ പാമ്പിനെ പിടികൂടിയതും സൂരജായിരുന്നു. കിടപ്പുമുറിയില്‍ വെച്ച് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് ഉത്രയെ പിടിച്ചു കടിപ്പിച്ചതാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. സൂരജിന് പാമ്പുകളെ കൈമാറിയ പാമ്പുപിടുത്തക്കാരന്‍ സുരേഷിനെ മാപ്പുസാക്ഷിയാക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ആദ്യതവണ അണലിയെ പിടികൂടിയപ്പോള്‍ സൂരജിന്റെ ഉദ്ദേശം എന്താണെന്ന് അറിയില്ലായിരുന്നെങ്കിലും സുരേഷ് മൂര്‍ഖനെ കൈമാറിയത് കൊലപാതകലക്ഷ്യം അറിഞ്ഞുകൊണ്ടു തന്നെയാണെന്നാണ് അന്വേഷണസംഘം കരുതിയത്. പാമ്പുകളെ കൈമാറിയതു കൂടാതെ ഇയാള്‍ സൂരജിന് പരിശീലനം നല്‍കിയിരുന്നോ എന്ന വിവരമാണ് പൊലീസ് പരിശോധിക്കുന്നത്.

SHARE