പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു; ഉത്രയെ കടിച്ചത് കരിമൂര്‍ഖന്‍ തന്നെയെന്ന് ഡോക്ടര്‍മാര്‍

ഉത്രയെ കടിച്ചത് വിഷമുള്ള മൂര്‍ഖന്‍ പാമ്പെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍. പാമ്പിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ കേസിന് ആവശ്യമായ തെളിവുകള്‍ കിട്ടി. വിഷപല്ല് ഉള്‍പ്പടെയുള്ളവ ലഭിച്ചു. പാമ്പിന്റെ മാംസം ജിര്‍ണിച്ച അവസ്ഥയില്‍ ആയിരുന്നു എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഉത്രയെ കടിച്ച കരിമൂര്‍ഖനെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയിരുന്നു. ഇതിനെയാണ് ഇപ്പോള്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് . ചിത്രങ്ങളില്‍ കണ്ട പാമ്പാണോ ഇത് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചു. പാമ്പിന്റെ വിഷവും ഉത്രയുടെ ശരീരത്തില്‍ കണ്ടെത്തിയ വിഷവും ഒന്നാണോ എന്ന് കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം. ഉത്രയുടെ രക്തവും ആന്തരികാവയവങ്ങളുടെ ഭാഗങ്ങളും രാസപരിശോധന ലാബിലുണ്ടായിരുന്നു. ഇത് രണ്ടും ഒത്തുനോക്കിയാണ് വിവരങ്ങള്‍ സ്ഥിരീകരിച്ചത്.

എന്നാല്‍ പാമ്പിനെക്കൊണ്ട് മുറിയില്‍ ഇട്ടതാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും. ഇതിനായി ഫോറന്‍സിക് വിഭാഗം വീട് പരിശോധിക്കും. ഫോറന്‍സിക് വിഭാഗത്തെ കൂടാതെ വെറ്ററിനറി വിഭാഗം, വനം പൊലീസ് വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്.

SHARE