ഉത്ര കൊലക്കേസ്: സൂരജിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ അന്വേഷണം

കൊല്ലം: ഉത്രക്കൊലക്കേസില്‍ സൂരജിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ അന്വേഷണം നടക്കും. സ്ത്രീധനപീഡനം ഉള്‍പ്പെടെ ഉത്ര നേരിട്ടുവെന്ന പരാതിയിലാണ് വനിതാ കമ്മിഷന്‍ നടപടി. ഗാര്‍ഹിക പീഡനത്തിന് കമ്മിഷന്‍ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ഇതിനു തുടര്‍ച്ചയായാണ് പ്രത്യേക അന്വേഷണത്തിന് ഉത്തരവ്. പത്തനംതിട്ട എസ് പിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. സൂരജിന്റെ മാതാപിതാക്കളെയും സഹോദരിയെയും പ്രതികളാക്കിയാണ് അന്വേഷണം.7 ദിവസത്തിനുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.

അതേസമയം, ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ െ്രെകംബ്രാഞ്ച് ഇന്നും പരിശോധന നടത്തി. പ്രതിയുടെ വീട്ടുകാരെ െ്രെകംബ്രാഞ്ച് ചോദ്യം ചെയ്യും. സുഹൃത്തുക്കളോടും ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. സൂരജിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. പാമ്പിനെക്കൊണ്ട് കടിപ്പിക്കും മുന്‍പ് ഉത്രയ്ക്ക് സൂരജ് ഉറക്കഗുളിക നല്‍കിയെന്നതിന് കൂടുതല്‍ തെളിവ് ലഭിച്ചിരുന്നു. ഉത്രയ്ക്ക് രാത്രി സൂരജ് ജ്യൂസ് നല്‍കിയെന്ന് ഉത്രയുടെ അമ്മ മണിമേഖല മൊഴി നല്‍കിയിട്ടുണ്ട്.

പ്രതിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെ പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. പാമ്പിനെ കടിപ്പിക്കുന്നതിന് മുമ്പായി ഉത്രയ്ക്ക് ഉറക്കഗുളിക പൊടിച്ചു നല്‍കിയതായി സൂരജ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. സൂരജ് അടൂരില്‍ ജോലി ചെയ്യുന്ന ഓഫീസ് പരിസരത്തെ മരുന്നുകടയില്‍ നിന്നാണ് ഗുളിക വാങ്ങിയത്. പ്രതിയെ ഇന്നലെ ഇവിടെ എത്തിച്ച് തെളിവെടുത്തു.

ആദ്യശ്രമത്തില്‍ പാമ്പ് കടിയേറ്റപ്പോള്‍ ഉത്ര ഉണരുകയും നിലവിളിക്കുകയും ചെയ്തു. അതുകൊണ്ട് രണ്ടാം ശ്രമത്തില്‍ കൂടുതല്‍ മയക്കു ഗുളിക നല്‍കുകയും ലക്ഷ്യം നിറവേറ്റുകയും ചെയ്തുവെന്നാണ് നിഗമനം. ഇക്കാര്യങ്ങള്‍ ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലത്തിലൂടെ വ്യക്തമാകും. പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.

SHARE