ഉത്ര കേസ്; സൂരജിന്റെ കുടുംബത്തെ ചോദ്യം ചെയ്തു, ചെറുപ്രായം മുതലേ സൂരജിന് ജന്തുക്കളോട് ഇഷ്ടമെന്ന് മൊഴി


കൊട്ടാരക്കര: ഉത്രവധക്കേസില്‍ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും പത്തുമണിക്കൂറോളം അന്വേഷണസംഘം ചോദ്യംചെയ്തു. ഗൂഢാലോചനയില്‍ ഇരുവര്‍ക്കുമുള്ള പങ്ക് കണ്ടെത്തുന്നതിനാണ് റൂറല്‍ എസ്.പി. ഹരിശങ്കറും ഡിവൈ.എസ്.പി. അശോകനും ഉള്‍പ്പെട്ട സംഘം ചോദ്യംചെയ്തത്.

കൊലപാതക ഗൂഢാലോചനയില്‍ ഇവരെ ബന്ധിപ്പിക്കുന്ന വ്യക്തമായ തെളിവുകളും മൊഴികളും ലഭിക്കാത്തതിനാല്‍ ഇരുവരെയും തത്കാലം വിട്ടയച്ചു. കേസ് സംബന്ധമായ ചില നിര്‍ണായക നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ വീണ്ടും ചോദ്യംചെയ്യാനാണ് സംഘത്തിന്റെ തീരുമാനം.

രാവിലെ പത്തരയോടെയാണ് ഇരുവരെയും ചോദ്യംചെയ്യാനായി കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചത്. സുരേന്ദ്രനെയും സൂരജിനെയും ഇവര്‍ക്കൊപ്പമിരുത്തി ചോദ്യംചെയ്തു. എല്ലാവരും മുന്‍പുനല്‍കിയ മൊഴികളില്‍ ഉറച്ചുനിന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഉത്രയുടെ വീട്ടുകാര്‍ സൂരജിന് വിവാഹത്തിന് നല്‍കിയിരുന്ന സ്വര്‍ണമാല തിരികെനല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രേണുക മാല പോലീസിനെ ഏല്‍പ്പിച്ചു. ഇതുകൂടിയാകുമ്പോള്‍ ഉത്രയുടെ 90 പവന്‍ സ്വര്‍ണത്തിന്റെ കണക്ക് ഒത്തുവരുമെന്ന് പോലീസ് പറയുന്നു. സൂരജ് അറസ്റ്റിലാകുന്നതിനുമുന്‍പാണ് മാല രേണുകയെ ഏല്‍പ്പിച്ചത്. ഉത്രയുടെ കൊലപാതകത്തെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നാണ് സൂരജിന്റെ ബന്ധുക്കളുടെ മൊഴി. ചെറുപ്രായംമുതലേ ജന്തുക്കളോടു സ്നേഹവും കൗതുകവുമുള്ളയാളായിരുന്നു സൂരജ്. പലതരത്തിലുള്ള നായ്ക്കളെയും മറ്റു ജീവികളെയും വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ട്. അക്കൂട്ടത്തിലാണ് പാമ്പുകളെയും കൊണ്ടുവന്നത്. സൂരജിന്റെ വിനോദമായിട്ടുമാത്രമേ ഇതിനെ കണ്ടിട്ടുള്ളൂവെന്നാണ് അവരുടെ മൊഴി.

ഏറ്റവും അടുപ്പമുണ്ടായിരുന്നവരോടുപോലും ഇവര്‍ വീട്ടില്‍ അണലിയെ കണ്ടവിവരം മറച്ചുവയ്ക്കുകയും ഉത്രയെ കടിച്ചത് ചേരയാണെന്ന് പറയുകയും ചെയ്തുവെന്നതിന് പോലീസിന് തെളിവുലഭിച്ചിട്ടുണ്ട്. ഉത്രയെ അവഹേളിച്ചിരുന്നുവെന്നതിന് സാക്ഷിമൊഴിയും ലഭിച്ചിട്ടുണ്ട്. സാക്ഷിമൊഴികള്‍ ഉറപ്പിച്ചശേഷം ഗൂഢാലോചനയുടെ അന്വേഷണത്തിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.

SHARE