സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് ഉപ്പും ചപ്പാത്തിയും; വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെതിരെ കേസ്

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചപപ്പാത്തിയും ഉപ്പും നല്‍കിയെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ മിര്‍സാപുരിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഉച്ചയ്ക്ക് ചപ്പാത്തിയും ഉപ്പും കഴിക്കുന്ന വീഡയോ ഒരാഴ്ച മുമ്പാണ് പുറത്തുവന്നത്.
വീഡിയോ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനായ പവന്‍ ജയ്‌സ്വാളിനെതിരെയാണ് കേസെടുത്തത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസര്‍ പരാതി നല്‍കിയിരിക്കുന്നത്.

അന്വേഷണത്തില്‍ വാര്‍ത്ത യാഥാര്‍ഥ്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപകനെയും ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുറൈ, അര്‍വിന്ദ് ത്രിപാഠി എന്നിവര്‍ക്കെതിരെയാണ് മിര്‍സാപുര്‍ ജില്ലാ മജിസ്‌ട്രേറ്റ് അനുരാഗ് പട്ടേല്‍ നടപടിയെടുത്തത്.

മാധ്യമപ്രവര്‍ത്തകന്‍ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തി അപകീര്‍ത്തിപ്പെടുത്തിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടത് സര്‍ക്കാരിന് അപമാനകരമായെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. അതേസമയം, ചപ്പാത്തി മാത്രമാണ് ആ ദിവസം സ്‌കൂളില്‍ പാചകം ചെയ്‌തെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. അതേസമയം, യോഗി ആദിത്യനാഥ് സര്‍ക്കാരിന് കീഴില്‍ മാധ്യമപ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

നോയിഡയില്‍ ഒരു ന്യൂസ് പോര്‍ട്ടലിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏതാനും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായിരുന്നു ഇത്തരത്തിലുള്ള ആദ്യത്തെ സംഭവം. ഇവരുടെ ചില വാര്‍ത്തകള്‍ നോയ്ഡ പോലീസിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ചായിരുന്നു ഗുണ്ടാ നിയമപ്രകാരം കേസെടുത്തത്.

SHARE