യുപി ഉപതെരഞ്ഞെടുപ്പ്: കുട്ടികളുടെ കൂട്ട മരണം ബി.ജെ.പിക്ക് തലവേദനയാവുന്നു; തെരഞ്ഞെടുപ്പ് ചൂടില്‍ യോഗിയുടെ മണ്ഡലവും

INDIA - DECEMBER 05: Yogi Adityanath, BJP Member of Parliament from Gorakhpur, Uttar Pradesh at Parliament House in New Delhi, India (Parliament Session Dec- 2005) (Photo by Hemant Chawla/The India Today Group/Getty Images)

 

ഗോരഖ്പുര്‍ : യു.പിയിലെ രണ്ടു ലേക്‌സഭാ സീറ്റുകളലേക്ക് ഉപതെരഞ്ഞടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുങ്ങുമ്പോള്‍ ബി.ജെ.പിക്ക് തലവേദന. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗോരഖ്പൂര്‍, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫുല്‍പുല്‍ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

രാജ്സ്ഥാനിലെ ഉപതെരഞ്ഞെടുപ്പു പരാജയത്തിന്റെ കറ തീര്‍ക്കാന്‍ രണ്ടിടത്തെയും വിജയം ആവര്‍ത്തിക്കുകയെന്ന വലിയ വെല്ലുവിളിയാണു ബി.ജെ.പിക്കുള്ളത്. ഓക്‌സിജന്‍ സിലിണ്ടറിന്റെ ലഭ്യതക്കുറവിനാല്‍ എഴുപതിലധികം കുട്ടികള്‍ മരണപ്പെട്ട ബാബാ രാഘവ്ദാസ് (ബി.ആര്‍.ഡി) മെഡിക്കല്‍ കോളജ് ഉള്‍പ്പെടുന്ന മണ്ഡലമാണ് ഗോരഖ്പുര്‍. യോഗി ആദിത്യനാഥിന്റെ ഈ ‘സ്വന്തം മണ്ഡല’ത്തിലാണു ഗോരഖ്‌നാഥ് ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. കുട്ടികളുടെ കൂട്ടമരണം ദേശീയ തലത്തില്‍തന്നെ വലിയ ചര്‍ച്ചയായതിനാല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, എസ്.പി തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതു യോഗിക്കെതിരെയും ബി.ജെ.പിക്കെതിരെയും മുഖ്യ ആയുധമാക്കുമെന്നിരിക്കെ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ബി.ജെ.പി പാര്‍ട്ടി നേതാക്കള്‍.

പൊതുതെരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം ശേഷിക്കേ ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അഭിമാനം പോരാട്ടം കൂടിയാണ്. മുഖ്യമന്ത്രി യോഗിയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും എംപി സ്ഥാനം രാജിവച്ചു സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായതോടെയാണ് ഉപതിരഞ്ഞെടുപ്പിനു സാഹചര്യമുണ്ടായത്. മാര്‍ച്ച് 11നാണു തെരഞ്ഞെടുപ്പ്.