തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ ഉത്തരവിട്ടത് വാജ്‌പേയി സര്‍ക്കാര്‍; വെളിപ്പെടുത്തലുമായി തരുണ്‍ ഗൊഗോയി

ഗുവാഹത്തി: രാജ്യത്തെ ഡിറ്റന്‍ഷന്‍ ക്യാമ്പുകളെ സംബന്ധിച്ച് വിവാദങ്ങള്‍ തുടരവെ, തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത് വാജ്‌പേയി സര്‍ക്കാരെന്ന വെളിപ്പെടുത്തലുമായി സുപ്രീംകോടതി അഭിഭാഷകനും അസം മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയി. എല്ലാ സംസ്ഥാനങ്ങളും വിദേശികളെ പാര്‍പ്പിക്കാന്‍ ഡിറ്റന്‍ഷന്‍ സെന്ററുകള്‍ നിര്‍മ്മിക്കണമെന്ന് 1998ല്‍ വാജ്‌പേയ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ തരുണ്‍ ഗൊഗോയ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

‘കള്ളത്തരങ്ങളുടെ ഗുരു ആരാണ്? അസം കര്‍ണാടക തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തടങ്കല്‍ പാളയങ്ങളുണ്ടന്നിരിക്കെ, അസമിലെ മാട്യയില്‍ ഡിറ്റന്‍ഷന്‍ ക്യാമ്പ് നിര്‍മ്മാണത്തിനായി 46 കോടി രൂപ നരേന്ദ്രമോദി സര്‍ക്കാര്‍തന്നെ അനുവദിച്ചിരിക്കെ, ആരാണ് കള്ളന്‍, പറയൂ?’, ഗൊഗോയ് ചോദിച്ചു.

‘ശിക്ഷ പൂര്‍ത്തിയാക്കിയ വിദേശികളെ പാര്‍പ്പിക്കാന്‍ ഡിറ്റന്‍ഷന്‍ സെന്ററുകള്‍ നിര്‍മ്മിക്കണമെന്ന് 1998ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് ഉത്തരവിറക്കിയിരുന്നു. എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും ഇത്തരം ഡിറ്റന്‍ഷന്‍ സെന്ററുകള്‍ നിര്‍മ്മിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്’, തരുണ്‍ ഗൊഗോയ് പറഞ്ഞു.

കുടിയേറ്റക്കാരെയും ഹിന്ദുക്കളെയും മുസ് ലിങ്ങളെയും ഏറ്റെടുക്കാന്‍ ബംഗ്ലാദേശ് തയ്യാറാകുന്ന സാഹചര്യത്തില്‍ ഹിന്ദുക്കള്‍ക്ക് മാത്രം ഇവിടെ പൗരത്വം നല്‍കുന്നതിന്റെ ആവശ്യകത എന്താണെന്നും അദ്ദേഹം ചോദിച്ചു. അവരെ അവരുടെ യഥാര്‍ത്ഥ വീടുകളിലേക്ക് മടക്കി അയക്കൂ. ഈ ഡിറ്റന്‍ഷന്‍ ക്യാമ്പുകളുടെയും പൗരത്വത്തിന്റെയും അഭയകേന്ദ്രങ്ങളുടെയും ആവശ്യമെന്തിനാണ്? ന്യൂനപക്ഷങ്ങളെ ആരും പീഡിപ്പിച്ചിട്ടില്ല എന്നാണല്ലോ അദ്ദേഹത്തിന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ, പൗരത്വഭേദഗതി നിയമത്തിന്റെയും ആവശ്യമില്ലല്ലോ. നിങ്ങളത് ചെയ്യാന്‍ തയ്യാറായാല്‍ ഈ സാഹചര്യം മുഴുവനും ശാന്തമാകും’, തരുണ്‍ ഗൊഗോയ് വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേസ് ഫയല്‍ ചെയ്യാന്‍ അഭിഭാഷക വേഷമണിച്ച് സുപ്രീം കോടതിക്കു മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചയാള്‍ കൂടിയാണ് തരുണ്‍ ഗൊഗോയ്. 36 വര്‍ഷത്തിനു ശേഷമാണ് തരുണ്‍ ഗോഗോയി അഭിഭാഷകനായി വീണ്ടും സുപ്രീം കോടതിയിലെത്തുന്നത്. 1983ലാണ് തരുണ്‍ ഗൊഗോയ് കേസ് വാദിക്കാന്‍ അവസാനമായി കോടതിയിലെത്തിയത്.

പൗരത്വനിയമ ഭേദഗതിക്കെതിരായി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലെ കക്ഷികള്‍ക്കു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ പി.ചിദംബരത്തിന്റെ സഹായിയായാണ് തരുണ്‍ കോടതിയിലെത്തിയത്.

SHARE