വന്ദേഭാരത് മിഷന്‍; ആറുകോടിയുടെ വണ്ടിച്ചെക്ക് തട്ടിപ്പുകാരന്‍ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നു

വന്ദേഭാരത് മിഷന്‍; ആറുകോടിയുടെ വണ്ടിച്ചെക്ക് തട്ടിപ്പുകാരന്‍ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നു

ദുബൈ: കോവിഡ് പ്രതിസന്ധിയില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വന്ദേഭാരത് മിഷനില്‍ അര്‍ഹരെ വെട്ടിമാറ്റി സാമ്പത്തിക തട്ടിപ്പുകാരും ഇന്ത്യയിലേക്ക്. അനര്‍ഹര്‍ വ്യാപകമായി ഇന്ത്യയിലേക്ക് കടക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് തട്ടിപ്പുകാര്‍ക്കും വേണ്ടിയും അധികൃതര്‍ ഒത്താശ ചെയ്യുന്നത്. വന്‍തുകയുടെ വണ്ടിച്ചെക്ക് നല്‍കി യു.എ.ഇയിലെ വ്യാപാരികളെ വഞ്ചിച്ച മുംബൈ സ്വദേശിയാണ് ഏറ്റവുമൊടുവില്‍ ഇന്ത്യയിലേക്ക് കടന്നത്. മഹാരാഷ്ട്ര സ്വദേശി യോഗേന്ദ്ര അശോക് ആണ് രാജ്യത്തേക്ക് കടന്നത്.

30 ലക്ഷം ദിര്‍ഹമിന്റെ (ആറുകോടി ഇന്ത്യന്‍ രൂപ) വണ്ടിച്ചെക്ക് കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇക്കഴിഞ്ഞ 11നാണ് അബുദാബിയില്‍നിന്ന് ഹൈദരബാദിലേക്കുള്ള വിമാനത്തില്‍ അശോക് നാട്ടിലെത്തിയത്. ഇയാള്‍ക്കെതിരേ യു.എ.ഇ പൗരന്‍മാര്‍ ഉള്‍പ്പെടെ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. നാട്ടിലേക്കുള്ള യാത്രയ്ക്കായി ഇയാള്‍ എംബസിയില്‍ എന്തു കാരണമാണ് നല്‍കിയത് എന്നതില്‍ വ്യക്തതയില്ല.

യു.എ.ഇ സ്വദേശികളായ വനിതകള്‍ക്ക് രണ്ടു കമ്പനിയുടെ പേരില്‍ യോഗേന്ദ്ര അശോക് ചെക്ക് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് വന്‍തുകയുടെ ചരക്കുകള്‍ സ്വന്തമാക്കി. ഇതിനു പിന്നാലെ ഇയാള്‍ മുങ്ങുകയായിരുന്നു. 30,000 മുതല്‍ മൂന്നുലക്ഷം വരെയുള്ള തുകയുടെ ചെക്കുകള്‍ മടങ്ങിയതോടെയാണ് ഇയാള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നത്. അന്വേഷണം മുറുകുമെന്ന ഘട്ടത്തില്‍ നാട്ടിലേക്ക് കടക്കുകയായിരുന്നു എന്നാണ് വിവരം.

നേരത്തെ, വ്യവസായ പ്രമുഖന്‍ ബി ആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍എംസി ഹെല്‍ത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കവെ മലയാളി ജീവനക്കാരനും കുടുംബവും വന്ദേഭാരത് മിഷന്‍ വിമാനത്തില്‍ നാട്ടിലെത്തിയ സംഭവം വിവാദമായിരുന്നു.

NO COMMENTS

LEAVE A REPLY