വായു ചുഴലിക്കാറ്റ്: ഗുജറാത്തില്‍ നാശനഷ്ടങ്ങളേറെ; കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യത

ന്യൂഡല്‍ഹി: വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടില്ലെങ്കിലും നാശനഷ്ടങ്ങളേറെ വിതച്ചു. ഇപ്പോള്‍ വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയാണ് വായു. കാറ്റും മഴയും 48 മണിക്കൂര്‍ കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്.

സൗരാഷ്ട്ര, കച്ച് മേഖലകളില്‍ വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ഞൂറിലധികം ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ട നിലയിലാണ്. പലയിടത്തും ടെലിഫോണ്‍ ബന്ധവും വിച്ഛേദിക്കപ്പെട്ടു. 3 ലക്ഷം പേരെയാണ് ഗുജറാത്തില്‍ മാറ്റിപ്പാര്‍പ്പിച്ചത്. ട്രെയിന്‍ റോഡ് ഗതാഗതവും തടസപ്പെട്ടു. 86 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും 37 എണ്ണം തിരിച്ചുവിടുകയും ചെയ്തു. അഞ്ച് വിമാനത്താവളങ്ങളും ഇന്നലെ അര്‍ധരാത്രി വരെ അടച്ചിട്ടു. കര,വ്യോമ,നാവിക സേനകളും ദേശീയ ദുരന്ത നിവാരണ സേനയും തീരസംരക്ഷണ സേനയും മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

അതേസമയം, കേരളത്തില്‍ മഴ കുറഞ്ഞെങ്കിലും അടുത്ത ദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കേരളാ തീരത്ത് ശക്തമായ കാറ്റും ഉയര്‍ന്ന തിരമാലകളും അടിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

SHARE