വേങ്ങര എ.ആര്‍ നഗറില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പില്‍ സംഘര്‍ഷം; ഒരു പെണ്‍കുട്ടി തളര്‍ന്നുവീണു

വേങ്ങര: മലപ്പുറം വേങ്ങരയില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരെയുള്ള സമരത്തില്‍ സംഘര്‍ഷം. സമരക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. വേങ്ങരയിലെ എ.ആര്‍ നഗറിലാണ് സംഭവമുണ്ടായത്. സംഘര്‍ഷത്തില്‍ ഒരു പെണ്‍കുട്ടി തളര്‍ന്നു വീണു. കുട്ടിയെ ആസ്പത്രിയിലേക്ക് മാറ്റി. പൊലീസ് വീട് ചവിട്ടിത്തുറന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. റോഡില്‍ ടയറുകളും മറ്റും കത്തിച്ച് സമരക്കാര്‍ തൃശൂര്‍-കോഴിക്കോട് റോഡ് ഉപരോധിക്കുകയും ചെയ്തു. ഒരു ഭാഗത്ത് സംഘര്‍ഷം നടക്കുന്നുണ്ടെങ്കിലും കൊളപ്പുറം ഭാഗത്ത് സര്‍വ്വേ നടപടികള്‍ പുരോഗമിക്കുകയാണ്.

ഇതിനിടെ പോലീസുകാര്‍ വീടുകളില്‍ കയറി സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയതായി സമരക്കാര്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു.

SHARE