പൊന്നാനിക്കാരന്റെ താളത്തിലുള്ള ചായയടി ട്വിറ്ററില്‍ കണ്ടത് ലക്ഷങ്ങള്‍

മലപ്പുറം: മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ചായ. ഭൂരിപക്ഷം മലയാളികളും തങ്ങളുടെ ദിനം ആരംഭിക്കുന്നത് കടുപ്പത്തിലൊരു ചായകൊണ്ടാണ്. ചായക്കടയില്‍ ചായ പകര്‍ന്നു തരുന്നതും ഒരു കലയാണ്. നന്നായി അടിച്ചു പതപ്പിച്ച് ഗ്ലാസില്‍ പകരുന്ന ചായ ഒരു അനുഭവമാണ്.

എന്നാല്‍ ഒരു പൊന്നാനിക്കാരന്റെ വ്യത്യസ്തമായ ചായ അടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ‘ദി ചപ്പാത്തി ഫാക്ടറി’ എന്ന ഹോട്ടലിലെ ജീവനക്കാരന്റെ ചായയടിയാണ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമാകുന്നത്.

ഗ്ലാസില്‍ താഴെ ഭാഗത്ത് കട്ടന്‍ ചായ, മുകളില്‍ പാല്‍, അതിന് മീതെ പത എന്നിങ്ങനെയാണ് ഗ്ലാസില്‍ ചായ തയ്യാറാക്കി വെക്കുന്നത്. ആവശ്യക്കാരുടെ താല്‍പര്യപ്രകാരമാണ് കൂട്ടുകള്‍. ശേഷം രണ്ട് വിരല്‍ കൊണ്ട് ചായ ഗ്ലാസെടുത്ത് മറിച്ച് തിരിക്കും. അതോടെ ചായ റെഡി.

ബി.ബി.സി ഗ്ലോബല്‍ ജെന്‍ഡര്‍ ആന്റ് ഐഡന്റിന്റി കറസ്‌പോണ്ടന്റായ മേഘ മോഹനാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് ട്വിറ്ററില്‍ ഈ വീഡിയോ കണ്ടത്.

SHARE