വിരാത് കോലി 160, കേപ്ടൗണിലും ഇന്ത്യ

Virat Kohli (captain) of India celebrates his century during the 3rd One Day International match between South Africa and India held at the Newlands Cricket Ground in Cape Town, South Africa on the 7th February 2018 Photo by: Ron Gaunt / BCCI / SPORTZPICS

 

കേപ്ടൗണ്‍:159 പന്തില്‍ നിന്നും പുറത്താവാതെ 160 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വിരാത് കോലിയുടെ മികവില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പത് ഓവറില്‍ ആറ് വിക്കറ്റിന് 303 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരെ വിറപ്പിക്കുന്ന കാര്യം പതിവ് പോലെ സ്പിന്നര്‍മാര്‍ ഭംഗിയാക്കി.
ആദ്യ രണ്ട് മല്‍സരത്തിലെന്ന പോലെ ഇന്ത്യന്‍ ശക്തിയാണ് കേപ്ടൗണിലും പകല്‍ പോലെ വ്യക്തമായത്. സുന്ദരമായ ബാറ്റിംഗിലൂടെ കോലി കരുത്ത് ആവര്‍ത്തിച്ച് തെളിയിച്ചപ്പോള്‍ അത്തരത്തിലൊരു ഇന്നിംഗ്‌സ് ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ടായില്ല. വലിയ ബാധ്യതയുമായി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ക്ക് പതിവിലും മികച്ച തുടക്കം ലഭിച്ചിരുന്നു. ടീമിലെ സീനിയര്‍ ബാറ്റ്‌സ്മാനായ ഹാഷിം അംല നേരിട്ട് രണ്ടാം പന്തില്‍ തന്നെ ജസ്പ്രീത് ബുംറക്ക് വിക്കറ്റ് നല്‍കിയെങ്കിലും രണ്ടാം വിക്കറ്റില്‍ നായകന്‍ ഐദന്‍ മാര്‍ക്ക്‌റാമും ജെ.പി ഡുമിനിയും പൊരുതി. ആദ്യ വിക്കറ്റ് കേവലം ഒരു റണ്ണില്‍ നഷ്ടമായെങ്കില്‍ രണ്ടാം വിക്കറ്റ് 79 ലാണ് നിലംപതിച്ചത്. പരമ്പരയില്‍ ആദ്യമായി താളം കണ്ടെത്തിയ ഡുമിനി പവര്‍ പ്ലേ ഓവറുകളില്‍ പലവട്ടം പന്തിനെ അതിര്‍ത്തി കടത്തി. ഡൂപ്ലസി പരുക്കില്‍ പിന്മാറിയതിന് ശേഷം നായകപ്പട്ടം ലഭിച്ച മാര്‍ക്ക്‌റാം കാര്യമായ പിന്തുണയും നല്‍കി. പക്ഷേ കോലി പത്താം ഓവറില്‍ തന്നെ സ്പിന്നര്‍മാരെ രംഗത്തിറക്കിയപ്പോള്‍ തകര്‍ച്ച തുടങ്ങി. മാര്‍ക്ക്‌റാം കുല്‍ദീപ് യാദവിന്റെ ഉഗ്രന്‍ പന്തില്‍ സ്റ്റംമ്പ് ചെയ്യപ്പെട്ടപ്പോള്‍ പകരം വന്ന കന്നിക്കാരന്‍ ക്ലാസനെ ചാഹല്‍ പറഞ്ഞ് വിട്ടു. അധികം താമസിയാതെ അര്‍ധ സെഞ്ച്വറിക്കാരന്‍ ഡുമിനിക്കും ചാഹല്‍ പവിലിയനിലേക്ക് ടിക്കറ്റ് നല്‍കി. ഡേവിഡ് മില്ലറായിരുന്നു പിന്നെ പ്രതീക്ഷ. 25 റണ്‍സ് വരെ പൊരുതി കളിച്ച മില്ലറെ ബുംറ മടക്കി. പിന്നെയെല്ലാം ചടങ്ങ് പോലെയായി.
വാലറ്റത്തില്‍ പൊരുതി നില്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. ചാഹലും കുല്‍ദീപും ഒരുമിച്ചപ്പോള്‍ ഒരിക്കല്‍കൂടി ബാറ്റ്‌സ്മാന്മാര്‍ മാളത്തിലൊളിച്ചു.
നേരത്തെ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയിലായിരുന്നു. ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മ പുറത്തായി. പക്ഷേ ശിഖര്‍ ധവാനും വിരാത് കോലിയും കൂടുതല്‍ കുഴപ്പങ്ങളിലേക്ക് പോയില്ല. 140 വരെ ഈ കൂട്ടുകെട്ട് ആക്രമിച്ചും പ്രതിരോധിച്ചും സ്‌ക്കോര്‍ബോര്‍ഡില്‍ മാറ്റങ്ങളുണ്ടാക്കി. 76 റണ്‍സ് നേടിയ ധവാന്‍ പുറത്തായ ശേഷം അജിങ്ക്യ രഹാനെ (11), ഹാര്‍ദിക് പാണ്ഡ്യ (14) മഹേന്ദ്രസിംഗ് ധോണി (10) എന്നിവരുടെ വിക്കറ്റുകള്‍ വീണെങ്കിലും കോലി സെഞ്ച്വറിയും 150 പിന്നിട്ട് കൂളായി കളിച്ചു. 12 ബൗണ്ടറിയും രണ്ട് സിക്‌സറും നേടിയാണ് കോലി 150 പിന്നിട്ടത്. വിരാത് കോലിയാണ് കളിയിലെ കേമന്‍. ആറ് മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്.

SHARE