വിശാഖപട്ടണം വിഷവാതകദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടത്ത് രാസ നിര്‍മാണഫാക്ടറിയില്‍ ഉണ്ടായ വിഷവാതകചോര്‍ച്ചയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇതില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. ആര്‍.ആര്‍ വെങ്കിടാപുരത്തെ എല്‍ജി പോളിമെര്‍ ഫാക്ടറിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാതകചോര്‍ച്ച ഉണ്ടായത്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന ഫാക്ടറി 40 ദിവസങ്ങള്‍ക്കു ശേഷം തുറന്നപ്പോഴാണ് ദുരന്തം ഉണ്ടായത്.

മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി രംഗത്തെത്തി. അപകടത്തെ തുടര്‍ന്ന് ആശുപത്രിലായവരുടെ പ്രാഥമിക ചികിത്സയ്ക്ക് 25,000 രൂപയും രണ്ടോ അതിലധികമോ ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വരുന്നവര്‍ക്ക് 1 ലക്ഷം രൂപയും വെന്റ്‌ലേറ്ററില്‍ കഴിയുന്നവര്‍ക്ക് 10 ലക്ഷം രൂപയും ആന്ധ്ര സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.

പുലര്‍ച്ചെ 2.30നാണ് സംഭവം നടന്നതായി പ്രദേശത്തുള്ളവര്‍ പറയുന്നത്. പ്രദേശവാസികള്‍ക്ക് തൊണ്ടയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും വിഷപ്പുക വമിച്ചതിനെയും തുടര്‍ന്ന് നാട്ടുകാര്‍ അധികൃതരെ വിവരമറിക്കുകയായിരുന്നു. രാസവാതകം ചോര്‍ന്നത് എങ്ങിനെയന്നറിയാന്‍ കൂടുതല്‍ അന്വേഷണം നടത്തും. എല്‍.ജി പോളിമര്‍ ഇന്‍ഡസ്ട്രീസ് ആണ് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കേണ്ടതെന്ന് ആന്ധ്രാപ്രദേശ് വ്യവസായ മന്ത്രി എം.ജി റെഡ്ഡി പ്രതികരിച്ചു. നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിശാഖപട്ടണത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ മിശ്ര ഉന്നതതല യോഗം ചേര്‍ന്ന് സംഭവസ്ഥലത്തേയ്ക്ക് വിദഗ്ദ സംഘത്തെ അയക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും തീരുമാനിച്ചു. കെമിക്കല്‍സ്,പോളിമേഴ്‌സ്, പ്ലാസ്റ്റിക് എന്നിവ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് എല്‍.ജി പോളിമര്‍ ഇന്‍ഡസ്ട്രി.

SHARE