ബി നിലവറ തുറക്കാന്‍ ഭയക്കുന്നവരെ സംശയിക്കണം;പ്രശ്‌നം ദേവഹതിമല്ല, വ്യക്തിഹിതമാണെന്നും വി.എസ്

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് രാജകുടുംബത്തിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍. ബി നിലവറ തുറക്കുന്നതിനെ എന്തിനാണ് ചിലര്‍ ഭയക്കുന്നതെന്ന് വി.എസ് ചോദിച്ചു.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനെ ഭയപ്പെടുന്നവര്‍ ആരായാലും അവരെ സംശയിക്കണമെന്ന് വി.എസ് പറഞ്ഞു. ദേവഹിതം നേരിട്ട് ചോദിച്ച് മനസ്സിലാക്കിയതുപോലെയാണ് ചില രാജകുടുംബാംഗങ്ങള്‍ പ്രതികരിക്കുന്നത്. എന്നാല്‍, ഇതിനുമുമ്പ് ബി നിലവറ തുറന്നപ്പോള്‍ ആരും ദേവഹിതം ചോദിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. അപ്പോള്‍ പ്രശ്‌നം ദേവഹതിമല്ല, വ്യക്തിഹിതമാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതിയുടെ നിരീക്ഷണമനുസരിച്ച് ബി നിലവറ തുറന്ന് ക്ഷേത്ര സ്വത്തിന്റെ കണക്കെടുപ്പ് നടത്തേണ്ടതാണ്. ഇതിനുമുമ്പുതന്നെ നിലവറ തുറന്നതായി വിനോദ് റായിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നിട്ടും സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് നിലവറ തുറക്കാന്‍ തടസം നില്‍ക്കുന്നത് സംശയകരമാണെന്നും വി.എസ് പറഞ്ഞു.